കിണർ വൃത്തിയാക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു; തൊഴിലാളിയും രക്ഷാപ്രവർത്തകനും മരിച്ചു

 
Death
Death

എരുമേലി: കിണർ വൃത്തിയാക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളിയും രക്ഷിക്കാൻ പോയ ആളും മരിച്ചു. കൂവപ്പള്ളി സ്വദേശി അനീഷും എരുമേലി സ്വദേശിയായ ഓട്ടോ ഡ്രൈവറായ ബിജുവുമാണ് മരിച്ചത്. ഇരുവരും ശ്വാസംമുട്ടി മരിച്ചതായാണ് പ്രാഥമിക നിഗമനം. കിണറിന് 35 അടി താഴ്ചയുണ്ടായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് എരുമേലി ടൗണിലാണ് അപകടം നടന്നത്. കിണർ വൃത്തിയാക്കാൻ അനീഷ് ഇറങ്ങിയതായിരുന്നു. എന്നാൽ കിണർ വൃത്തിയാക്കുന്നതിനിടെ ഓക്സിജൻ ലഭിക്കാതെ അനീഷ് കുഴഞ്ഞുവീണു. രക്ഷിക്കാൻ ബിജു കിണറിലേക്ക് ഇറങ്ങി.

എന്നാൽ ബിജുവും ശ്വാസംമുട്ടി മരിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ ഫയർഫോഴ്‌സ് യൂണിറ്റാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ എരുമേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.