ഹെലികോപ്റ്ററിന്റെ വാടക കുടിശ്ശിക നൽകാൻ 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

 
Pinarayi

തിരുവനന്തപുരം: സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വാടക കുടിശ്ശിക നൽകാൻ ധനവകുപ്പ് 50 ലക്ഷം രൂപ കൂടി അനുവദിച്ചു. ഒക്ടോബർ 20 മുതൽ നവംബർ 19 വരെയാണ് കുടിശ്ശികയുള്ള വാടക.

മുഖ്യമന്ത്രിയുടെ യാത്രാ ആവശ്യങ്ങൾക്കായി ചിപ്‌സൺ ഏവിയേഷൻ കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരിക്കുന്നത്. 80 ലക്ഷം രൂപയാണ് ഈ ഹെലികോപ്റ്ററിന്റെ പ്രതിമാസ വാടക. കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി പോലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു.

ഡിസംബർ നാലിന് ഡിജിപി ആഭ്യന്തര വകുപ്പിന് കത്ത് നൽകി. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ധനവകുപ്പിന് കത്ത് നൽകി. ഇതിന് പിന്നാലെയാണ് അധിക തുക ധനവകുപ്പ് അനുവദിച്ചത്. കൂടാതെ നവംബർ 20 മുതൽ ഡിസംബർ 19 വരെയുള്ള വാടക കുടിശ്ശിക ചിപ്‌സൺ ഏവിയേഷന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കമ്പനി കത്ത് നൽകിയതായും റിപ്പോർട്ടുണ്ട്.

ട്രഷറി ചട്ടങ്ങളിൽ ഇളവ് വരുത്തിയാണ് വാടകയിനത്തിൽ അധിക തുക അനുവദിച്ചത്. നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ട്രഷറിയിൽ നിന്ന് മാറ്റുന്നതിന് ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

ഡൽഹി ആസ്ഥാനമായുള്ള ചിപ്സൺ ഏവിയേഷനും കേരള പോലീസും തമ്മിലാണ് കരാർ. ആറ് പേർക്ക് ഇരിക്കാവുന്ന ഹെലികോപ്റ്റർ മൂന്ന് വർഷത്തേക്കാണ് സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. എല്ലാ മാസവും 20 മണിക്കൂർ വരെ യാത്ര ചെയ്യാൻ ഹെലികോപ്റ്റർ ഉപയോഗിക്കാം. ഓരോ മണിക്കൂറിനും 90,000 രൂപ വീതം ഈടാക്കും.