സാമ്പത്തിക തട്ടിപ്പ്; ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യക്കെതിരെ കേസ്

 
Fraud

കോഴിക്കോട്: ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നിസയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. നിധി ലിമിറ്റഡിന് കീഴിലുള്ള സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിന് നടക്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷറഫുന്നിസ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തത്.

സിസ് ബാങ്ക് മാനേജിങ് ഡയറക്ടർ വസീം തൊണ്ടിക്കാടന്റെ ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് സ്വദേശി മൊയ്തീൻ കുട്ടി എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഷറഫുന്നിസ നാലാം പ്രതിയും ഷംന അഞ്ചാം പ്രതിയുമാണ്.

സാമ്പത്തിക നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച തുകയോ തിരികെ നൽകിയില്ലെന്നാണ് പരാതി. രണ്ട് ഘട്ടങ്ങളിലായി 5.65 ലക്ഷത്തിലധികം നിക്ഷേപം നടത്തി. പതിമൂന്നര ശതമാനം പലിശയാണ് ഇതിനായി വാഗ്ദാനം ചെയ്തത്.

എന്നാൽ പിന്നീട് കബളിപ്പിക്കപ്പെട്ടതായി പരാതിക്കാരി പറയുന്നു. ധനകാര്യ സ്ഥാപനത്തിനെതിരെ ഇന്നലെ മാത്രം മൂന്ന് പരാതികളാണ് പോലീസിന് ലഭിച്ചത്.