കൊച്ചി സിനഗോഗിന് സമീപത്തെ തീവയ്പ്: ‘ബോസ്’ ആര്? വിദേശബന്ധങ്ങളും ക്രിപ്‌റ്റോകറൻസി ഇടപാടുകളും അന്വേഷിച്ച് പൊലീസ്

 
Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് സമീപമുണ്ടായ തീവയ്പ് സംഭവത്തിൽ വിദേശബന്ധങ്ങളുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. കേസിൽ അറസ്റ്റിലായ പുത്തൻകുരിശ് സ്വദേശി എബിൻ ബി. പോളിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ദുരൂഹമായ ഓൺലൈൻ ആശയവിനിമയങ്ങളും ‘ബോസ്’ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയുമായുള്ള ബന്ധവും കണ്ടെത്തിയതായാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ സംഘടിത സംഘങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

എറണാകുളം മാർക്കറ്റിലെ സിനഗോഗിന് സമീപമുള്ള ബ്ലോസം നഴ്സറിയിലാണ് തിങ്കളാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. പെട്രോൾ ഒഴിച്ച് തീകൊളുത്തിയശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതി മടങ്ങിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സൈബർ പരിശോധനകളും കേന്ദ്രീകരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതിയുടെ ഫോണിൽ വിദേശബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുമായും ഓൺലൈൻ ഗ്രൂപ്പുകളുമായും നടത്തിയ ആശയവിനിമയങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ‘ബോസ്’ എന്ന് വിളിക്കുന്ന വ്യക്തിയുടെ നിർദേശപ്രകാരമാണോ ആക്രമണം നടത്തിയതെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ കൈമാറിയതിന് പ്രതിഫലം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ക്രിപ്‌റ്റോകറൻസി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്. എന്നാൽ വിദേശബന്ധങ്ങളോ സംഘടിത ഗൂഢാലോചനയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിലുണ്ടായ മുൻകാല തീവയ്പ് സംഭവവുമായി പ്രതിക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ താമസസ്ഥലത്തുനിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാടുകൾ, ‘ബോസ്’ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയുടെ തിരിച്ചറിയൽ എന്നിവ പരിശോധിച്ച് സംഭവത്തിന്റെ പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.