കൊല്ലം തീരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു, അച്ഛനും മകനും കാണാതായി
കൊല്ലം നീണ്ടകര ബ്രേക്ക്‌വാട്ടറിന് സമീപം മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. അപകടത്തിൽ അച്ഛനും മകനും ഉൾപ്പെടെ രണ്ടുപേരെ കാണാതായതിനെ തുടർന്ന് തീരദേശ പൊലീസും കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
'ശ്രീകൃഷ്ണ' എന്ന മത്സ്യബന്ധന ബോട്ടിൽ 14 പേരാണ് ഉണ്ടായിരുന്നത്. ശക്തമായ തിരമാലയ്ക്കിടെ ബോട്ട് മറിയുകയായിരുന്നു. അപകടത്തിൽ രാജീവൻ എന്ന മത്സ്യത്തൊഴിലാളിയെ കടലിൽ നിന്ന് രക്ഷപ്പെടുത്തി കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധാകൃഷ്ണനും മകൻ ഗൗതവും ഇപ്പോഴും കാണാതായ നിലയിലാണ്. മറ്റ് 11 പേർ സുരക്ഷിതമായി രക്ഷപ്പെട്ടു.
മോശം കാലാവസ്ഥയും കടലിലെ ശക്തമായ തിരമാലകളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.