കോടികളുടെ വായ്പയെടുത്ത് കുവൈറ്റിൽ നിന്ന് ഒളിച്ചോടി; മലയാളി നഴ്‌സുമാരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

 
HIGH COURT
HIGH COURT

കൊച്ചി: കുവൈറ്റ് ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദന്റെയും മൂവാറ്റുപുഴ സ്വദേശി രാഖുൽ രതീശന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കുവൈറ്റിലെ ഗൾഫ് ബാങ്കിൽ നിന്ന് ഇരുവരും ഒരു കോടിയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതായാണ് കേസ്. കേരളത്തിൽ നിന്നുള്ള 1300 ഓളം പേർ ബാങ്കിനെ വഞ്ചിച്ചതായാണ് ആരോപണം. ഇതിനുശേഷം സംസ്ഥാനത്ത് 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 700 കോടി രൂപ വഞ്ചിക്കപ്പെട്ടതായാണ് പരാതി.

മലയാളി നഴ്‌സുമാർ ഉൾപ്പെടെയുള്ളവർ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതായാണ് പരാതി. ജോലി ചെയ്യുന്നതിനിടയിൽ വൻ തുക വായ്പയെടുത്ത ശേഷം, വീഴ്ച വരുത്തിയവരിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങുകയോ കാനഡയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറുകയോ ചെയ്തു. തിരിച്ചടവ് നടത്താത്ത ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലയാളി നഴ്‌സുമാർ ഉൾപ്പെടെയുള്ളവർ നടത്തിയ തട്ടിപ്പ് വെളിച്ചത്തുവന്നത്. കുവൈറ്റ് മന്ത്രാലയത്തിൽ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന 800 പേരാണ് വായ്പാ തട്ടിപ്പ് നടത്തിയത്.