ചരിത്രത്തിൽ ആദ്യമായി; തൃശ്ശൂരിലെ പുലിക്കളി ഗ്രൂപ്പുകൾക്ക് കേന്ദ്രത്തിന്റെ ഓണസമ്മാനം 3 ലക്ഷം രൂപ


തൃശ്ശൂർ: തൃശ്ശൂരിലെ പ്രശസ്തമായ പുലിക്കളി ഗ്രൂപ്പുകൾക്ക് ഓണസമ്മാനമായി നടനും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപി കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഓരോ ഗ്രൂപ്പിനും 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ഡിപിപിഎച്ച് പദ്ധതിയുടെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയം തൃശ്ശൂരിലെ പുലിക്കളി ഗ്രൂപ്പുകൾക്ക് 3 ലക്ഷം രൂപ അനുവദിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പുലിക്കളി ഗ്രൂപ്പുകൾക്കുള്ള തന്റെ ഓണസമ്മാനമാണിതെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ പരാമർശിച്ചു. ഇത് സാധ്യമാക്കുന്നതിന് എല്ലാവിധ സഹായങ്ങളും നൽകിയ കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും സുരേഷ് ഗോപി നന്ദി പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രശസ്തമായ തൃശ്ശൂർ പുലിക്കളി ഗ്രൂപ്പുകൾക്ക് എന്റെ ഓണസമ്മാനം. ചരിത്രത്തിലാദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശൂർ പുലിക്കളി ഗ്രൂപ്പുകൾക്ക് DPPH പദ്ധതി പ്രകാരം 3 ലക്ഷം രൂപ വീതം നൽകുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്! ഇത് സാധ്യമാക്കുന്നതിൽ സഹായിച്ച കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്തിന് ഹൃദയംഗമമായ നന്ദി. കൂടാതെ സൗത്ത് സോൺ കൾച്ചറൽ സെന്റർ (തഞ്ചാവൂർ) പുലിക്കളി ഗ്രൂപ്പുകൾക്ക് ഒരു ലക്ഷം രൂപ വീതം നൽകും.