രാജ്യത്ത് ആദ്യമായി സഹകരണ മേഖലയ്ക്ക് സ്വന്തം എയർലൈൻ; 200 സഹകരണ സംഘങ്ങൾ കൈകോർക്കുന്നു
കേരളത്തിലെ സഹകരണ മേഖലയുടെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായി ഒരു പ്രാദേശിക വിമാനസർവീസ് ആരംഭിക്കാനുള്ള പദ്ധതിക്ക് രൂപം നൽകുന്നു. 'കോ-കേരളം' (Co-Keralam) എന്ന താൽക്കാലിക പേരിൽ ആവിഷ്‌കരിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ 200-ഓളം സഹകരണ സംഘങ്ങൾ ഒന്നിച്ച് നിക്ഷേപം നടത്തി എയർലൈൻ കമ്പനി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി പ്രകാരം ഓരോ സഹകരണ സംഘവും രണ്ട് കോടി രൂപ വീതം നിക്ഷേപിച്ച് പ്രാരംഭ മൂലധനം സമാഹരിക്കും. സർക്കാർ ഖജനാവിൽ നിന്ന് സാമ്പത്തിക സഹായം തേടാതെയാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായ ഡയറക്ടർ ബോർഡ് രൂപീകരിക്കാനും നിർദേശമുണ്ട്.
ആദ്യഘട്ടത്തിൽ കൊച്ചി ആസ്ഥാനമാക്കി രണ്ട് 72 സീറ്റർ വിമാനങ്ങൾ ലീസിൽ എടുത്ത് സർവീസ് ആരംഭിക്കാനാണ് പദ്ധതി. കൊച്ചി, കോഴിക്കോട്, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവയെ ബന്ധിപ്പിക്കുന്ന സർവീസുകളാണ് ആദ്യം ലക്ഷ്യമിടുന്നത്. പിന്നീട് വിമാനങ്ങളുടെ എണ്ണം നാലായും ആറായും വർധിപ്പിക്കാനും പദ്ധതിയുണ്ട്.
വിമാന ടിക്കറ്റ് നിരക്ക് 3,500 മുതൽ 7,000 രൂപ വരെയാക്കാനാണ് നിർദേശം. അതിവേഗ ട്രെയിൻ യാത്രയുമായി മത്സരിക്കാവുന്ന നിരക്കിൽ യാത്രാ സൗകര്യം ഒരുക്കുന്നതിനൊപ്പം, പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ വിറ്റുപോകാത്ത സീറ്റുകൾക്ക് പ്രത്യേക ഇളവും നൽകും.
പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ ഏകദേശം 200 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. എയർലൈൻ പ്രവർത്തനം ആരംഭിച്ചതിന് ശേഷം വ്യോമയാന പരിശീലന സ്ഥാപനങ്ങളും ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചാൽ തുടർനടപടികൾ വേഗത്തിലാക്കുമെന്ന് പദ്ധതിയുടെ പ്രൊമോട്ടർമാർ അറിയിച്ചു.