ഞെട്ടിപ്പിക്കുന്ന നിഗമനവുമായി ഫോറൻസിക് സംഘം; വർഷങ്ങൾക്ക് മുമ്പ് കുഴിച്ചിട്ട സ്യൂട്ട്കേസ്?

കൊല്ലം: കൊല്ലത്തെ ഒരു പള്ളിയുടെ പരിസരത്ത് ഒരു സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിനായി ഉപയോഗിച്ചതാണെന്ന് ഫോറൻസിക് സംഘം നിഗമനം. ശാരദ മഠം സിഎസ്ഐ പള്ളിയുടെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്.
പള്ളി സെമിത്തേരിക്ക് സമീപം പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴി കുഴിക്കുന്നതിനിടെ മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തി. പള്ളി ജീവനക്കാരാണ് സ്യൂട്ട്കേസ് ആദ്യം കണ്ടത്. സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. ഇതേത്തുടർന്ന് പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അസ്ഥികൂടം അഴുകിയ നിലയിലായിരുന്നു. തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി വിശകലനം നടത്തി.
അസ്ഥികൂടം മെഡിക്കൽ പഠനത്തിനായി ഉപയോഗിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇടുപ്പ് അസ്ഥിയിൽ H എന്ന അക്ഷരവും കാലിലെ അസ്ഥിയിൽ O എന്ന അക്ഷരവും എഴുതിയിരിക്കാമെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. നട്ടെല്ലിന്റെ ഭാഗങ്ങൾ ചുവന്ന കയറുകൊണ്ട് ബന്ധിപ്പിച്ചിരുന്നു. ആശുപത്രിയിൽ ഉപയോഗിച്ചിരുന്ന കത്രികയും ചോക്കും സ്യൂട്ട്കേസിൽ നിന്ന് കണ്ടെടുത്തു.
പള്ളി പരിസരത്ത് പെട്ടി എങ്ങനെ എത്തിയെന്ന് കണ്ടെത്താൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. നഗരത്തിന്റെ ഹൃദയഭാഗത്താണ് ശാരദ മഠം സിഎസ്ഐ പള്ളി സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ തിരക്കേറിയ പ്രദേശമാണിത്. രാത്രിയിൽ പോലും ആളുകൾ ഒത്തുകൂടുന്ന സ്ഥലം.
അതിനാൽ സ്യൂട്ട്കേസ് വർഷങ്ങൾക്ക് മുമ്പ് കുഴിച്ചിട്ടിരിക്കാമെന്ന് പോലീസ് കരുതുന്നു.