ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്; ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പിവി അൻവറിന് ജാമ്യം അനുവദിച്ചത്
നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അറസ്റ്റിലായ എം.എൽ.എ പി.വി അൻവറിന് ജാമ്യം. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് അൻവറിന് ജാമ്യം ലഭിച്ചത്. അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിൻ്റെ ആവശ്യം കോടതി തള്ളി.
ഉപാധികളോടെയാണ് അൻവറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പിവി അൻവർ ജാമ്യത്തുകയായി 50000 രൂപയും പൊതുമുതൽ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെക്കണമെന്നും എല്ലാ ബുധനാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നുമാണ് വ്യവസ്ഥകൾ.
ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അൻവർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. 'പ്രിയപ്പെട്ടവർക്ക് ജാമ്യം ലഭിച്ചു. കൂടെ നിന്നവർക്ക് അഭിവാദ്യങ്ങൾ. നേരിൽ കാണാം' അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ രാത്രി ഒതായിയിലെ വീട്ടിൽ വച്ചാണ് നിലമ്പൂർ പൊലീസ് അൻവറിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മണി മരിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തതിന് പിന്നാലെയാണ് അൻവറിൻ്റെ അറസ്റ്റ്.
അൻവർ ഉൾപ്പെടെ 11 പേർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 132-ാം വകുപ്പ് പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ബലപ്രയോഗം നടത്തിയതിന് സെക്ഷൻ 121 പ്രകാരം PDPP ആക്ട് പ്രകാരം പൊതുമുതൽ നശിപ്പിച്ചതിന് നിലമ്പൂർ പോലീസ് കേസെടുത്തു.