മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

 
death

കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു. ഇന്ന് പുലർച്ചെ 5.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. മൃതദേഹം പൊതുദർശനത്തിന് വീട്ടിൽ വയ്ക്കും. ഖബറടക്കം രാത്രി എട്ടിന് മാറമ്പള്ളി ജമാത്ത് കബ്രസ്താനിൽ നടക്കും.

1941 ഡിസംബർ ഏഴിന് എറണാകുളം പെരുമ്പാവൂർ വാഴക്കുളത്ത് ടി കെ എം ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടെയും മകനായി ജനിച്ചു. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ടി.എച്ച് മുസ്തഫ അഞ്ച് തവണ എം.എൽ.എയായും കെ.കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയുമായിരുന്നു. 14 വർഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്ന അദ്ദേഹം കെപിസിസി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 1977ൽ ആലുവയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്.

പിന്നീട് നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഐഎൻടിയുസിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. കെപിസിസി സംസ്ഥാന നിർവാഹക സമിതിയിലേക്കുള്ള പ്രത്യേക ക്ഷണിതാവായി. അസുഖത്തെ തുടർന്ന് ഏറെ നാളായി ജനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മുസ്തഫയുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.