മൂവ് വിത്ത് പർപ്പസ് ആശയവുമായി നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ; ഓട്ടക്കാർക്ക് ആവേശമായി ഗ്രാൻഡ് ലോഞ്ച്


കൊച്ചി: വിജയകരമായ മൂന്ന് സീസണുകൾക്ക് ശേഷം ക്ലിയോസ്പോർട്സ് സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ നാലാം പതിപ്പിന്റെ ഗ്രാൻഡ് ലോഞ്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. ലോകോത്തര മാരത്തൺ നടത്തണമെങ്കിൽ മികച്ച നഗരം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം മത്സരങ്ങളിലൂടെ കൊച്ചിയെ ലോകവേദിയിൽ അവതരിപ്പിക്കുമ്പോൾ നഗരത്തിന് കൂടുതൽ അംഗീകാരം ലഭിക്കും.
ഇന്ന് മാരത്തോൺ നഗരത്തേക്കാൾ വലുതായി വളരുകയാണ്. ഈ വളർച്ച കൊച്ചിയെ കൂടുതൽ മെച്ചപ്പെടുത്താൻ പ്രചോദനമാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
"മൂവ് വിത്ത് പർപ്പസ്" എന്ന പ്രമേയത്തിലാണ് ഇത്തവണ മാരത്തൺ സംഘടിപ്പിക്കുന്നത്. കേവലം ഒരു മാരത്തൺ എന്നതിലുപരി, പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ഒരു വേദിയാക്കി മാറ്റുകയാണ് ലക്ഷ്യം. സാമൂഹിക ലക്ഷ്യങ്ങൾക്കായും, ആരോഗ്യകരമായ ജീവിതത്തിനായും ഓടുന്ന ആയിരക്കണക്കിന് ആളുകളുടെ സംഗമമായിരിക്കും മാരത്തൺ സീസൺ-4. "ഈ ആശയം ഓർമ്മിപ്പിക്കുന്നത് ഓരോ ചലനവും ഒരു ലക്ഷ്യത്തിന്റെ ദൃശ്യ രൂപമാണെന്നാണ്. ഇതിലൂടെ ഓരോരുത്തരുടെയും ലക്ഷ്യങ്ങൾക്ക് ഇവിടെ സ്ഥാനമുണ്ടെന്ന് ഉറപ്പാക്കുകയാണ് ഞങ്ങൾ"- ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി ആർ നായർ,എം.ആർ.കെ ജയറാം എന്നിവർ പറഞ്ഞു.
ഫെബ്രുവരി 8-ന് നടക്കുന്ന മാരത്തൺ 42.195 കിലോമീറ്റർ, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ , 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ എംവിഎസ് മൂർത്തി, സീനിയർ വൈസ് പ്രസിഡന്റും എറണാകുളം സോണൽ ഹെഡുമായ ശശിധരൻ സി.എം, വൈസ് പ്രസിഡന്റും എറണാകുളം റീജണൽ ഹെഡുമായ ജോസ്‌മോൻ പി. ഡേവിഡ്,റേസ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനേസസ്, ആസ്റ്റർ മെഡ്‌സിറ്റി എമർജെൻസി മെഡിസിൻ ലീഡ് കൺസൾട്ടന്റ് ഡോ. ജോൺസൺ കെ വർഗീസ്, ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികൾ, കേരള സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, ഒളിമ്പ്യൻ അനിൽ കുമാർ എന്നിവർ പങ്കെടുത്തു. മാരത്തണിൽ രജിസ്റ്റർ ചെയ്യാൻ www.kochimarathon.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.