സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; 100 ദിവസത്തെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി
Jun 8, 2026, 12:27 IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്കുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പദ്ധതി 100 ദിവസത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനം. ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിലായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. പദ്ധതിയുടെ പ്രവർത്തനഫലം വിലയിരുത്തിയ ശേഷം ഫാസ്റ്റ് പാസഞ്ചർ സർവീസുകളിലേക്കും ആനുകൂല്യം വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന തീരുമാനം അംഗീകരിച്ചത്. ഇത് ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്.
പദ്ധതിയുടെ വിശദമായ മാർഗനിർദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കും. ഏതെല്ലാം വിഭാഗം ബസുകൾ ഉൾപ്പെടുത്തണം, യാത്രാ പരിധി വേണമോ, എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ഗതാഗത വകുപ്പ് വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക എന്ന നിലപാടിലേക്കാണ് സർക്കാർ എത്തിയത്.
സ്ത്രീകളുടെ യാത്രാ വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിനായി കെഎസ്ആർടിസി നേരത്തേ തന്നെ ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം നടപ്പാക്കിയിരുന്നു. സൗജന്യ യാത്രാ പദ്ധതിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും ഈ കണക്കുകൾ സഹായകരമാകുമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, പദ്ധതി കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രതിമാസം പതിനായിരക്കണക്കിന് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനായി കോടിക്കണക്കിന് രൂപയുടെ സബ്സിഡി സർക്കാർ നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ. സ്വകാര്യ ബസ് ഉടമകളും യാത്രക്കാരെ നഷ്ടപ്പെടുമെന്ന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യവും തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലേക്കുള്ള പ്രവേശനവും വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.