ദുൽഖർ, കനി കുസൃതി, പാർവതി മുതൽ നെയ്റ്റിന്റെ ശിവൻ സന്തോഷ് വരെ; TIME100 Next India 2026 പട്ടികയിൽ ആറ് മലയാളികൾ
ന്യൂഡൽഹി: ടൈം മാഗസിൻ പുറത്തിറക്കിയ പ്രഥമ 'TIME100 Next India 2026' പട്ടികയിൽ ഇടംപിടിച്ച് ആറ് മലയാളികൾ. നടന്മാരായ ദുൽഖർ സൽമാൻ, നയൻതാര, പാർവതി തിരുവോത്ത്, കനി കുസൃതി, കലാകാരി ദേവി സീതാരാം, സംരംഭകൻ ശിവൻ സന്തോഷ് എന്നിവരാണ് പട്ടികയിൽ ഇടംനേടിയത്. വിവിധ മേഖലകളിൽ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തുന്ന 100 വളർന്നുവരുന്ന പ്രതിഭകളെയും നേതാക്കളെയുമാണ് പട്ടികയിലൂടെ ആദരിക്കുന്നത്.
വിവിധ ഭാഷകളിലെ സിനിമകളിലൂടെ സ്വന്തമായ ഇടം കണ്ടെത്തിയ ദുൽഖർ സൽമാന്റെ അഭിനയജീവിതത്തിനും നിർമാതാവെന്ന നിലയിൽ പുതിയ പ്രതിഭകൾക്കും കഥകൾക്കും നൽകുന്ന പിന്തുണയ്ക്കുമാണ് അംഗീകാരം. സിനിമകളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സ്വയം പുനർനിർമിച്ച നയൻതാരയും പട്ടികയിൽ നേതാക്കളുടെ വിഭാഗത്തിൽ ഇടംപിടിച്ചു. 'ടേക്ക് ഓഫ്', 'ഉയരെ', 'തങ്കലാൻ' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾക്കും സിനിമാ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷിതവും തുല്യവുമായ തൊഴിൽസാഹചര്യങ്ങൾ ഉറപ്പാക്കാനുള്ള ഇടപെടലുകൾക്കുമാണ് പാർവതി തിരുവോത്തിന് അംഗീകാരം ലഭിച്ചത്.
'ഗേൾസ് വിൽ ബി ഗേൾസ്', 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്', 'അസ്സി' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ് കനി കുസൃതിയെ പട്ടികയിൽ എത്തിച്ചത്. കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ച 'ബ്രദേഴ്സ്, ഫാദേഴ്സ് ആൻഡ് അങ്കിൾസ്' എന്ന കലാസൃഷ്ടി പരമ്പരയിലൂടെ ശ്രദ്ധ നേടിയ കലാകാരി ദേവി സീതാരാമും അംഗീകാരം നേടി. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിനായി 19-ാം നൂറ്റാണ്ടിലെ അപൂർവ ക്ഷേത്രച്ചുമർചിത്രങ്ങളുടെ പുനരാവിഷ്കരണ പ്രവർത്തനത്തിലും അവർ പങ്കാളിയാണ്.
നാലാം തലമുറയിലെ പരവതാനി നിർമാണ സംരംഭകനായ ശിവൻ സന്തോഷാണ് പട്ടികയിൽ ഇടംനേടിയ മറ്റൊരു മലയാളി. 1917-ൽ ആരംഭിച്ച കുടുംബസംരംഭമായ 'നെയ്റ്റ്' (Neytt) വഴി ഇന്ത്യൻ കരകൗശല വിദഗ്ധരുടെ കൈകൊണ്ട് നിർമിക്കുന്ന പരവതാനികൾ ആഗോള വിപണിയിലെത്തിക്കുന്ന പ്രവർത്തനത്തിനാണ് അംഗീകാരം. മെറ്റ് ഗാലയ്ക്കായി പോലും പരവതാനികൾ ഒരുക്കിയിട്ടുള്ള സ്ഥാപനമാണ് നെയ്റ്റ്. ബിസിനസ്, വിനോദം, ശാസ്ത്രം, കായികം, കല, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിലെ 100 പേരെ ഉൾപ്പെടുത്തിയ പട്ടികയുടെ ആദ്യ ഇന്ത്യൻ പതിപ്പാണിത്.