ജ്വല്ലറി കവർച്ച മുതൽ ആഡംബര ജീവിതം വരെ; അന്തർസംസ്ഥാന മോഷ്ടാവ് 'എരുമാട് ജോസ്' കേരളത്തിൽ പിടിയിൽ

 
Kerala

മലപ്പുറം: വണ്ടൂരിലെ ജ്വല്ലറിയിൽ നിന്ന് ഏകദേശം 19 ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് 'എരുമാട് ജോസ്' എന്നറിയപ്പെടുന്ന ജോസ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണസംഘം കളമശേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 

പൊലീസ് അന്വേഷണത്തിൽ, മോഷ്ടിച്ച ആഭരണങ്ങൾ ഏകദേശം 4.5 ലക്ഷം രൂപയ്ക്ക് വിറ്റശേഷം ലഭിച്ച പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്നുവെന്നും ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയിരുന്നുവെന്നും കണ്ടെത്തി. വിവിധ മോഷണങ്ങളിലൂടെ സമാഹരിച്ച പണത്തിൽ ഏകദേശം 70 ലക്ഷം രൂപ വരെ ഇയാൾ നിക്ഷേപിച്ചതായും പൊലീസ് അറിയിച്ചു. 

തമിഴ്നാട് സ്വദേശിയുടെ പേരിൽ വ്യാജ സിം കാർഡ് ഉപയോഗിച്ചിരുന്ന ഇയാൾ മത്സ്യകൃഷി പദ്ധതിയിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കളമശേരിയിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. തമിഴ്നാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലായി 150-ലധികം മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. 

പ്രതിയിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മോഷണ മുതലുകൾ വിറ്റ സ്ഥലങ്ങളിലും മറ്റ് കേസുകളിലും തെളിവെടുപ്പ് നടത്താൻ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.