ആറ്റിങ്ങലിലെ ഡോക്ടറുടെ വീട്ടിൽ രാജസ്ഥാനിൽ നിന്നുള്ള മോഷണ സംഘം കവർച്ച

 
thief

ആറ്റിങ്ങൽ: പട്ടാപ്പകൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 50 പവനും നാലര ലക്ഷം രൂപയും കവർന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശികളായ കിഷൻലാൽ (27), സൻവർ ലാൽ (26) എന്നിവരെയാണ് രാജസ്ഥാനിലെ തണ്ടോടിയിൽ നിന്ന് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജസ്ഥാൻ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്ന് കേരളത്തിലെത്തിക്കും. സബ് ഇൻസ്പെക്ടർ ആദർശ്, റൂറൽ ദൻസഫ് സബ് ഇൻസ്പെക്ടർ ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മാർച്ച് ആറിനാണ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം ദന്തഡോക്ടർ അരുൺ ശ്രീനിവാസൻ്റെ വീട്ടിൽ മോഷണം നടന്നത്.

ബന്ധുവിൻ്റെ മരണ ചടങ്ങിൽ പങ്കെടുത്ത് രാത്രി വീട്ടിലെത്തിയപ്പോഴാണ് ഡോക്ടറും കുടുംബവും മോഷണവിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.

വീടുകളിലും സ്ഥാപനങ്ങളിലും കയറി എല്ലാം വിദഗ്ധമായി കവർന്നെടുക്കുന്ന സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. ഉത്സവപ്പറമ്പുകളിലും വഴിയോരങ്ങളിലും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വിൽപനയുടെ മറവിലാണ് ഇവർ എത്തുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇത്തരം സംഘങ്ങൾ റോഡരികിലെ ടെൻ്റിലാണ് കഴിയുന്നത്. പിന്നീട് ആളൊഴിഞ്ഞ വീടുകൾ മോഷണത്തിനായി തിരഞ്ഞെടുക്കും.