വെളുത്തുള്ളി വില 500 രൂപയിലേക്ക് അടുക്കുന്നു

 
Garlic

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിവസേന കുതിച്ചുയരുന്ന വെളുത്തുള്ളിയുടെ വില 500ൽ എത്തി.രണ്ടാഴ്ചയ്ക്കിടെ 100 രൂപയിലധികം വർധിച്ചു. ഇന്നലെ പാളയം മാർക്കറ്റിൽ വെളുത്തുള്ളി മൊത്തവില 350 മുതൽ 400 വരെയായിരുന്നു.

സംസ്ഥാനത്ത് പലയിടത്തും ചില്ലറ വില 500ന് അടുത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഒരു കിലോ വെളുത്തുള്ളിക്ക് 300 രൂപയായിരുന്നു വില. കിലോയ്ക്ക് 100 മുതൽ 125 രൂപ വരെ വിലയുണ്ടായിരുന്ന വെളുത്തുള്ളിയുടെ വില കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നാലിരട്ടി വർധിച്ചു.

വെളുത്തുള്ളിയുടെ വില അടുത്ത കാലത്തൊന്നും ഇത്രയും ഉയർന്നിട്ടില്ല. അപ്രതീക്ഷിത വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ വർഷം ഒരു കിലോ വെളുത്തുള്ളിക്ക് 30-40 രൂപയായിരുന്നു വില. മഞ്ഞുകാലത്ത് സാധാരണയായി വില കൂടുമെങ്കിലും ഇത്തവണ വൻ വർധനയാണ് ഉണ്ടായതെന്ന് വ്യാപാരികൾ പറയുന്നു.

കുറഞ്ഞ ലഭ്യത

വെളുത്തുള്ളിയുടെ ലഭ്യത 70 ശതമാനം കുറഞ്ഞു. ഇത് വില വർധനവിന് കാരണമായി. തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വെളുത്തുള്ളി കേരളത്തിലെത്തുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് കുറഞ്ഞതാണ് വെളുത്തുള്ളിയുടെ വില കൂടാൻ കാരണമെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. പുതിയ വിളവെടുപ്പ് വരെ വില ഉയരാൻ സാധ്യതയുണ്ട്.