പിതാവ് വിഷം നൽകി കൊലപ്പെടുത്തിയ പെൺകുട്ടിക്ക് എസ്എസ്എൽസി പരീക്ഷയിൽ ഒമ്പത് എ പ്ലസ്
കോഴിക്കോട്: പിതാവ് വിഷം നൽകി കൊലപ്പെടുത്തിയ പെൺകുട്ടി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി. കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപിക (15) പത്താം ക്ലാസ് പരീക്ഷയിൽ ഒമ്പത് എ പ്ലസും ഒരു എ പ്ലസ് നേടി. കഴിഞ്ഞ മാർച്ചിൽ അയനിക്കാട് സുമേഷ് (42) ആണ് മക്കളായ ഗോപികയെയും ജ്യോതികയെയും (12) വിഷം നൽകി കൊലപ്പെടുത്തിയത്. പിന്നീട് ആത്മഹത്യ ചെയ്തു.
പരീക്ഷ കഴിഞ്ഞ് അടുത്ത ദിവസം ഗോപികയും സഹോദരിയും മരിച്ചു. സുമേഷിൻ്റെ മൃതദേഹം വീടിന് സമീപത്തെ റെയിൽവേ ട്രാക്കിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വീടിനുള്ളിൽ നിന്നാണ് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. നാല് വർഷം മുമ്പ് സുമേഷിൻ്റെ ഭാര്യ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വിദേശത്തായിരുന്ന സുമേഷ് ഭാര്യയുടെ മരണശേഷം തിരിച്ചെത്തിയില്ല. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഗോപികയുടെ സഹോദരി ജ്യോതിക എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
പയ്യോളി ടിഎസ്ജി വിഎച്ച്എസിൽ പഠിക്കുകയായിരുന്നു ഗോപിക. 720 കുട്ടികളാണ് ഇവിടെ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗോപിക നന്നായി പാടുമായിരുന്നുവെന്ന് സുഹൃത്തുക്കളും അധ്യാപകരും പറഞ്ഞു. ഗോപികയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന കലോത്സവത്തിൽ ഗ്രൂപ്പ് സോങ്ങിൽ എ ഗ്രേഡ് നേടിയിരുന്നു.