ജോയിയുടെ അമ്മയ്ക്ക് വീട്, തിരുവനന്തപുരം കോർപ്പറേഷൻ്റെ ശുപാർശക്ക് സർക്കാർ അനുമതി

 
joy

തിരുവനന്തപുരം: ആമയിഴഞ്ഞാൻ കനാൽ ശുചീകരണത്തിനിടെ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് നിർമിച്ചു നൽകും. തിരുവനന്തപുരം കോർപറേഷൻ്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. മൂന്ന് സെൻ്റിൽ കുറയാത്ത ഭൂമി ജില്ലാ പഞ്ചായത്ത് കണ്ടെത്തി നൽകണം. ജോയിയുടെ അമ്മയ്ക്ക് സബ്‌സിഡി വ്യവസ്ഥകൾക്ക് വിധേയമായി കോർപ്പറേഷൻ വീട് നിർമിച്ചു നൽകും.

ജോയിയുടെ കുടുംബത്തിന് കേരള സർക്കാർ 10 ലക്ഷം രൂപ ധനസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചത്. മാരായമുട്ടം സ്വദേശി ജോയിയും മറ്റ് മൂന്ന് തൊഴിലാളികളും ജൂലൈ 13 ന് തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള കനാൽ വൃത്തിയാക്കാൻ പോയിരുന്നു. പെട്ടെന്ന് പെയ്ത കനത്ത മഴയിൽ മാലിന്യം നീക്കം ചെയ്യാൻ പോയ ജോയിയെ കാണാതായി. കേരള ഫയർഫോഴ്‌സിലെ സ്‌കൂബാ ഡൈവേഴ്‌സ് അംഗങ്ങളും റോബോട്ടും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ തകരപറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മാലിന്യക്കൂമ്പാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.