എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
എൽപിഎസ്ടി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുമായി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. നേരത്തെയും ഉദ്യോഗാർഥികളുമായി പലതവണ ചർച്ച നടത്തിയിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതാണെന്നും മന്ത്രി വ്യക്തമാക്കി. ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമാണെങ്കിലും തീയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസത്തിലേറെയായി തുടരുന്ന റാങ്ക് ഹോൾഡർമാരുടെ സമരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ടതോടെയാണ് ചർച്ചയ്ക്കുള്ള സാധ്യത വീണ്ടും തെളിഞ്ഞത്. സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് അവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക മെഡിക്കൽ സംഘം വളർമതിയെ പരിശോധിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അർഹരായ ഉദ്യോഗാർഥികൾക്ക് നിയമനം നൽകുക, എൽ.പി വിഭാഗത്തിലെ അധ്യാപക-വിദ്യാർഥി അനുപാതം 1:30ൽ നിന്ന് 1:25 ആയി കുറയ്ക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളും പ്രധാനാധ്യാപക ഒഴിവുകളും പി.എസ്.സി.യുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിക്കുന്നുണ്ട്.
സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന അറിയിപ്പ് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പും അനുകൂല തീരുമാനവും ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് ഉദ്യോഗാർഥികളുടെ നിലപാട്. ചർച്ചയുടെ തീയതിയും വേദിയും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് സമരസമിതി.