ഇതര സംസ്ഥാന ക്രിമിനലുകളെ നേരിടാൻ സർക്കാർ പ്രവർത്തന പദ്ധതി സമർപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ

 
Human Rights Commission

കോഴിക്കോട് : ഒരു വിഭാഗം  ഇതര സംസ്ഥാന തൊഴിലാളികൾ നിയമം കൈയിലെടുത്ത് മനുഷ്യ ജീവനുകൾ പന്താടുന്നത്  അവസാനിപ്പിക്കുന്നതിന് ഒരു സമഗ്ര പ്രവർത്തന  പദ്ധതി തയ്യാറാക്കി ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സംസ്ഥാന പോലീസ് മേധാവിക്കും തൊഴിൽ വകുപ്പ് ഗവൺമെന്റ് സെക്രട്ടറിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ചില  അതിഥി തൊഴിലാളികൾ തകർക്കുന്ന കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ കുറിച്ച് ഒരു ദിനപത്രം പ്രസിദ്ധീകരിച്ച മുഖ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 

ക്രിമിനലുകളായ ചില  ഇതര സംസ്ഥാന തൊഴിലാളികൾ നാടിന്റെ നിയമസമാധാനം ഇല്ലാതാക്കുന്ന തരത്തിൽ പെരുമാറുന്നത് ഗൗരവകരമായ സാഹചര്യമാണെന്നും ഇത് മനുഷ്യാവകാശ ലംഘനമായി മാറിയ പശ്ചാത്തലത്തിൽ  ഈ പ്രവണത തീർത്തും ഇല്ലാതാക്കുന്നതിന് അധിക്യതർ അടിയന്തരമായും ഫലപ്രദമായും വിഷയത്തിൽ ഇടപെടണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.