മന്ത്രിക്കൊപ്പം നയം മാറിയോ? ഇ-ബസ് ഇല്ല; ഫണ്ട് ഡീസൽ ബസിന് മാത്രം

 
ksrtc

തിരുവനന്തപുരം: ലോകം മുഴുവൻ ഇലക്‌ട്രിക്-ഗ്രീൻ വാഹനങ്ങളിലേക്ക് മാറുമ്പോൾ കേരളത്തിൻ്റെ മനംമാറ്റം. പുതിയ ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങാൻ കെഎസ്ആർടിസിക്ക് ബജറ്റിൽ 92 കോടി രൂപ അനുവദിച്ചു. ഹരിത വാഹനങ്ങൾ വാങ്ങുന്നതിനെ കുറിച്ച് പരാമർശമില്ല.

ആദ്യ പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് മുതലാണ് ഹരിത വാഹനങ്ങളിലേക്ക് മാറാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. അവയിൽ മിക്കതും യാഥാർഥ്യമായില്ലെന്നു മാത്രം. കഴിഞ്ഞ ബജറ്റിൽ ബസുകൾ വാങ്ങുന്നതിന് പ്രത്യേക തുക വകയിരുത്തിയിരുന്നില്ല.

പൊതുഗതാഗതത്തിനായി ഇ-ബസ് വ്യാപകമാക്കുമെന്നും ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും ഇടക്കാല കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ഇ-ബസ്സുകൾ നഷ്ടമുണ്ടാക്കുന്നെന്നും ഒരു ഇ-ബസിൻ്റെ പണം കൊണ്ട് നാല് ഡീസൽ ബസുകൾ വാങ്ങാമെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാറിൻ്റെ വാദം സാധൂകരിക്കുന്നതാണ് സംസ്ഥാന ബജറ്റ്.

കൂടുതൽ ഡീസൽ ബസുകൾ വാങ്ങുമെന്ന് ചുമതലയേറ്റ ശേഷം മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇലക്‌ട്രിക് ബസുകൾ പണനഷ്ടമാണെന്ന മന്ത്രിയുടെ നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മുൻ ഗതാഗതമന്ത്രി ആൻ്റണി രാജുവും വി.കെ.പ്രശാന്ത് എംഎൽഎയും പരസ്യമായി രംഗത്തെത്തിയിരുന്നു. ഗണേഷ്കുമാറിൻ്റെ വാദം തള്ളി കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ടും തിരിച്ചടിയായി. അതിനിടെ കെഎസ്ആർടിസി ഇ-ബസ് ടെൻഡറുകൾ റദ്ദാക്കി.

രക്ഷാ പാക്കേജില്ല

2016ലെ ബജറ്റ് മുതൽ കെഎസ്ആർടിസിക്ക് റെസ്ക്യൂ പാക്കേജ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് ഇതുവരെ നടന്നിട്ടില്ല. ഇത്തവണ പാക്കേജൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുൻ ബജറ്റുകളിൽ ആയിരം കോടിയും അതിലധികവും കെഎസ്ആർടിസിക്കായി നീക്കിവച്ചിരുന്നു. ഇത് രണ്ടുതവണ കുറച്ചു. കഴിഞ്ഞ തവണ 131 കോടിയും ഇത്തവണ 128.54 കോടിയും.