വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട എൻജിഒകളുടെ എഫ്‌സിആർഎ പുതുക്കൽ നിഷേധിച്ച കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിന് സാമ്പത്തിക സഹായം നൽകിയെന്ന ആരോപണത്തെ തുടർന്ന് രണ്ട് എൻജിഒകളുടെ എഫ്‌സിആർഎ രജിസ്ട്രേഷൻ പുതുക്കൽ നിഷേധിച്ച കേന്ദ്രസർക്കാർ നടപടി കേരള ഹൈക്കോടതി റദ്ദാക്കി.
കേരള സോഷ്യൽ സർവീസ് ഫോറം, സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ എന്നീ സംഘടനകളുടെ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. സമരക്കാർക്ക് ഈ സംഘടനകൾ സാമ്പത്തിക സഹായം നൽകിയെന്നതിന് മതിയായ തെളിവോ വ്യക്തമായ സാമ്പത്തിക ഇടപാട് രേഖയോ ഇല്ലെന്ന് കോടതി വിലയിരുത്തി.
സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്ന് കോടതി വ്യക്തമാക്കി. ഒരു സർക്കാർ പദ്ധതിക്കെതിരായ സമാധാനപരമായ സമരത്തിന് സാമ്പത്തിക സഹായം നൽകിയെന്നത് മാത്രം എഫ്‌സിആർഎ പ്രകാരം ‘അഭികാമ്യമല്ലാത്ത ലക്ഷ്യം’ ആയി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
സർക്കാരിനോടുള്ള രാഷ്ട്രീയമോ ഭരണപരമോ ആയ വിയോജിപ്പ് മാത്രം ചൂണ്ടിക്കാട്ടി സമാധാനപരമായ പ്രതിഷേധത്തെ പൊതുതാൽപര്യത്തിന് വിരുദ്ധമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.
എഫ്‌സിആർഎ പുതുക്കൽ നിഷേധിച്ച ഉത്തരവുകൾ അനിയമപരവും ഏകപക്ഷീയവുമാണെന്ന് കണ്ടെത്തിയ കോടതി അവ റദ്ദാക്കി. മൂന്ന് മാസത്തിനകം വിഷയത്തിൽ പുതിയ ഉത്തരവ് പുറപ്പെടുവിക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.