ജോലിയിൽ നിന്ന് പുറത്താക്കി; റിസോർട്ടിന് തീവെച്ച ശേഷം റിസോർട്ട് ജീവനക്കാരൻ ആത്മഹത്യ ചെയ്തു
കണ്ണൂർ: ഞെട്ടിക്കുന്ന സംഭവത്തിൽ റിസോർട്ട് ജീവനക്കാരൻ റിസോർട്ടിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്തു. കണ്ണൂർ പയ്യാമ്പലം ബീച്ചിന് സമീപമുള്ള ബാനുസ് എൻക്ലേവ് റിസോർട്ടിൽ ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. റിസോർട്ടിന് തീയിട്ട ശേഷം ഓടി രക്ഷപ്പെട്ട ഇയാളെ പിന്നീട് കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരമായാണ് ഇയാൾ റിസോർട്ടിന് തീയിട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കഴിഞ്ഞ 12 വർഷമായി ഈ റിസോർട്ടിൽ കെയർടേക്കറായി ജോലി നോക്കുകയായിരുന്നു പ്രേമൻ. ഗ്യാസ് സിലിണ്ടർ തുറന്ന ശേഷം പ്രേമൻ രണ്ട് വളർത്തു നായ്ക്കളെ മുറിയിൽ പൂട്ടിയിട്ട് തീയിടുകയായിരുന്നു. തീ പടർന്നതോടെ റിസോർട്ടിൽ താമസിച്ചിരുന്ന അതിഥികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീപിടിത്തത്തിൽ റിസോർട്ടിൻ്റെ താഴത്തെ നിലയിലെ ഒരു മുറി പൂർണമായും കത്തിനശിച്ചു. റിസോർട്ടിന് തീയിട്ട ശേഷം ഓടിയ പ്രേമൻ സമീപത്തെ പൂട്ടിയിട്ട വീട്ടിലെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വാരം സ്വദേശി വിജിലിൻ്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. മുറിയിൽ പെട്രോൾ ഒഴിച്ച് ഗ്യാസ് സിലിണ്ടർ തുറന്ന ശേഷമാണ് പ്രേമൻ റിസോർട്ടിന് തീയിട്ടത്. തീയിടുന്നതിനിടെ പ്രേമന് പൊള്ളലേറ്റു. പോലീസും കണ്ണൂർ മേയറും സ്ഥലത്തെത്തി.
അതേസമയം റിസോർട്ടിൽ താമസിച്ചിരുന്ന അതിഥികൾക്കൊന്നും പരിക്കേറ്റിട്ടില്ല. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. റിസോർട്ടിൽ തീപിടിത്തം കണ്ട നാട്ടുകാരാണ് പ്രേമൻ്റെ മൃതദേഹം കണ്ടെത്തിയത്.