ശക്തമായ മഴ, പകര്‍ച്ചവ്യാധി പ്രതിരോധം: സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

 
Control

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സണും പ്രിന്‍സിപ്പല്‍ സെക്രട്ടറി കോ ചെയര്‍മാനുമായ ആര്‍ആര്‍ടിയില്‍ 25 അംഗങ്ങളാണുള്ളത്. ഇത് കൂടാതെയാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങളെ  ഏകോപിപ്പിക്കുന്നതിനും ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പരിലേക്കും പൊതുജനങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ പാനലുള്‍പ്പെട്ട ദിശ കോള്‍ സെന്ററിലെ നമ്പരിലേക്കും വിളിക്കാവുന്നതാണ്. സംശയ നിവാരണത്തിനായി കണ്‍ട്രോള്‍ റൂമിലെ 04712302160, 9946102865, 9946102862 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധ ഏകോപനം, ഡേറ്റാ മാനേജ്‌മെന്റ്, ആശുപത്രി സേവനങ്ങള്‍, മരുന്ന് ലഭ്യത, പ്രോട്ടോകോളുകള്‍, സംശയ നിവാരണം എന്നിവയാണ് കണ്‍ട്രോള്‍ റൂമിലൂടെ നിര്‍വഹിക്കുന്നത്.

ഇതുകൂടാതെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ എല്ലാ സംശയങ്ങളും ഡോക്ടര്‍മാരുടെ പാനലുള്ള ദിശ കോള്‍ സെന്റര്‍ വഴി ചോദിക്കാവുന്നതാണ്. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. ഇതുകൂടാതെ ഇ-സഞ്ജീവനി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. മുന്‍കരുതലുകള്‍, കഴിക്കുന്ന മരുന്നുകളെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗ പ്രതിരോഘം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് ഫോണ്‍ കൈമാറുന്നതാണ്.