കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, തമിഴ്‌നാട്ടിൽ സ്‌കൂളുകൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിച്ചിട്ടുണ്ട്.
ഡിസംബർ 1 മുതൽ 3 വരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഐഎംഡി മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത ആറ് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ മത്സ്യബന്ധനത്തിന് അനുയോജ്യമല്ല.
തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കി.മീ വേഗതയിലും ഇടയ്ക്കിടെ 55 കി.മീ വേഗതയിലും ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു. വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ഫെംഗൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട്ടിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.