കേരളത്തിൽ മഴ ശക്തമാകും; വയനാടിനും കോഴിക്കോട് ജില്ലകൾക്കും റെഡ് അലർട്ട്, അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

 
Rain

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വയനാട്, കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. 

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലനിരകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ മഴ, മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. 

വയനാട്ടിലെ കള്ളാടി മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ ദുരന്തസാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 9 വരെ കേരള തീരത്ത് മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.