കൊച്ചിയിൽ നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

നിങ്ങൾക്ക് മനുഷ്യത്വം എന്നൊന്നില്ലേ? ഒരു സാധാരണക്കാരൻ ഇത്തരമൊരു അപകടത്തിൽ പെട്ടാൽ എന്തായിരിക്കും അവസ്ഥ?' 
 
Crm

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ വേദിയിൽ നിന്ന് വീണ് എംഎൽഎ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എം.എൽ.എ വീണു പരിക്കേറ്റിട്ടും അൽപസമയം പോലും പരിപാടി നിർത്തിവെക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.

സംഘാടകർക്ക് മനുഷ്യത്വം എന്നൊന്നില്ലേ? ഗാലറിയിൽ നിന്ന് വീണ ഉമാ തോമസ് എം.എൽ.എക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കേണ്ട ബാധ്യത ഇവർക്കില്ലേ? അര മണിക്കൂർ പരിപാടി നിർത്തിയിരുന്നെങ്കിൽ എന്തെങ്കിലും സംഭവിക്കുമായിരുന്നോ? ഒരു എം.എൽ.എയുടെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണക്കാരൻ ഇത്തരത്തിൽ അപകടത്തിൽ പെട്ടാൽ എന്തായിരിക്കും അവസ്ഥ? കോടതി ചോദിച്ചു.

ഉമാ തോമസ് വീണ് ഗുരുതരമായി പരിക്കേറ്റിട്ടും പരിപാടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് സംഘാടകർ ക്രൂരതയാണ് കാണിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉമ തോമസ് വീണ് തലയ്ക്ക് പരിക്കേറ്റിട്ടും സംഘാടകർ പരിപാടിയുമായി മുന്നോട്ട് പോയി. ഉമാ തോമസിനെ ആശുപത്രിയിൽ എത്തിക്കുന്നത് വരെ അവർക്ക് കാത്തിരിക്കാമായിരുന്നുവെന്ന് കോടതി കൂട്ടിച്ചേർത്തു.

നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ച് വിമർശനം ഉന്നയിച്ചത്.

നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക തട്ടിപ്പ് കുറ്റം ചുമത്തി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. മൃദംഗം വിഷൻ മാനേജിങ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപ വിലയുള്ള സാരി 1600 രൂപയ്ക്ക് വിൽക്കുന്നത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് കല്യാൺ സിൽക്‌സ് പരസ്യമായി പറഞ്ഞതിന് പിന്നാലെയാണ് പോലീസ് നടപടി.