ഹൈക്കോടതി പരാമർശം: സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷം പൂഴ്ത്തിയ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശം പിണറായി സർക്കിരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ നടപടി ദുരൂഹമാണെന്ന കോടതിയുടെ പരാമർശം സർക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീവിരുദ്ധമായ സർക്കാരാണിതെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതാണ് കോടതിവധി.
സിപിഎം എംഎൽഎ തന്നെ പ്രതിസ്ഥാനത്ത് വന്നിരിക്കുന്ന കേസിൽ സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. പ്രതിയായ എംഎൽഎക്ക് ജാമ്യം കിട്ടാൻ കാരണം സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് വ്യക്തമാണ്. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചുമത്തി കേസെടുത്ത ശേഷം അറസ്റ്റ് ചെയ്യുന്നത് പ്രഹസനമാണ്. ഇത്രയും കാലം എന്തിനാണ് ഹേമകമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് പറയണം. ഇത് രണ്ടാം തവണയാണ് ഈ കാര്യത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്നും വിമർശനം കേൾക്കുന്നത്.
സർക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് കോടതി പോലും പറഞ്ഞിട്ടുണ്ട്. ആരെ സംരക്ഷിക്കാനാണ് സർക്കാർ കേരളത്തിലെ മുഴുവൻ സ്ത്രീകളുടേയും അഭിമാനത്തെ ഹനിക്കുന്ന നിലപാടെടുക്കുന്നതെന്ന് മനസിലാവുന്നില്ല. തികഞ്ഞ നിഷ്ക്രിയത്വവും അലംഭാവവുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. കഴിഞ്ഞ എട്ട് വർഷത്തിനിടെ പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളത്തിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ ദേശീയ റെക്കോർഡാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.