കോട്ടയത്ത് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് ഹോം ഗാർഡ് മരിച്ചു
Jul 29, 2025, 16:40 IST


കോട്ടയം: മുണ്ടക്കയത്ത് ഫയർഫോഴ്‌സ് ഓഫീസിലെ ഒരു ജീവനക്കാരൻ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് ദേഹത്തേക്ക് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്‌സ് ഓഫീസിലെ ഹോം ഗാർഡും മുണ്ടക്കയം കരിനിലം സ്വദേശിയുമായ കെ.എസ്. സുരേഷാണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ വൈദ്യുതി ലൈനിലേക്ക് ചരിഞ്ഞ മരം മുറിക്കുന്നതിനിടെയാണ് സംഭവം. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് അദ്ദേഹത്തിന്റെ ദേഹത്തേക്ക് വീണു. ഓടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ ഒടിഞ്ഞതിനാൽ മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു.