മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് പ്രതീക്ഷ; കേരള–കർണാടക അതിർത്തിയിലെ ബൈരക്കുപ്പെ പാലം പദ്ധതിക്ക് വീണ്ടും ജീവൻ

 
Kerala
കൽപ്പറ്റ: മൂന്ന് പതിറ്റാണ്ടിലേറെയായി അനിശ്ചിതത്വത്തിൽ കുടുങ്ങിക്കിടന്ന കേരള–കർണാടക അതിർത്തിയിലെ ബൈരക്കുപ്പെ പാലം പദ്ധതിക്ക് വീണ്ടും പ്രതീക്ഷയേറുന്നു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേരള പൊതുമരാമത്ത് മന്ത്രി പി.എ. ബഷീറും തമ്മിൽ ബെംഗളൂരുവിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പദ്ധതി വേഗത്തിലാക്കാൻ കർണാടക സർക്കാർ ഉറപ്പ് നൽകിയതോടെയാണ് വർഷങ്ങളായുള്ള കാത്തിരിപ്പിന് പുതിയ വഴിത്തിരിവുണ്ടായത്. 
കബനി നദിക്ക് കുറുകെ നിർമിക്കുന്ന നിർദിഷ്ട പാലം വയനാട് ജില്ലയിലെ പുൽപ്പള്ളിക്ക് സമീപമുള്ള പെരിക്കല്ലൂർ പ്രദേശത്തെയും കർണാടകയിലെ എച്ച്.ഡി. കോട്ടെ താലൂക്കിലെ ബൈരക്കുപ്പെ പ്രദേശത്തെയും ബന്ധിപ്പിക്കുന്നതാണ്. പാലം യാഥാർഥ്യമായാൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നതിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, കൃഷി, വ്യാപാരം, വിനോദസഞ്ചാരം എന്നിവയ്ക്കും വലിയ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ. 
1994 സെപ്റ്റംബർ 22-ന് അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരനും കർണാടക മുഖ്യമന്ത്രി എം. വീരപ്പ മൊയ്ലിയും ചേർന്നാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. തുടർന്ന് 2002-ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയെങ്കിലും ഭൂമിയേറ്റെടുക്കൽ, സമീപനപാത നിർമാണം, ഭരണാനുമതികൾ എന്നിവയിലെ കാലതാമസത്തെ തുടർന്ന് പദ്ധതി മുന്നോട്ടുപോയില്ല. കേരള ഭാഗത്തെ സമീപനപാതയുടെ നിർമാണം പൂർത്തിയായെങ്കിലും കർണാടക ഭാഗത്തെ നടപടികൾ വൈകിയതാണ് പ്രധാന തടസ്സമായത്. 
ഇപ്പോൾ പദ്ധതി കർണാടക മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടൻ സമർപ്പിക്കുമെന്നും ആവശ്യമായ നടപടികൾ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡി.കെ. ശിവകുമാർ അറിയിച്ചതായി മന്ത്രി പി.എ. ബഷീർ പറഞ്ഞു. ഭൂമിയേറ്റെടുക്കലും അനുമതികളും വേഗത്തിലാക്കി പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
പാലം യാഥാർഥ്യമായാൽ വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകുകയും, മൈസൂരു–ബെംഗളൂരു ഭാഗങ്ങളിലേക്കുള്ള ബദൽ റോഡ് ബന്ധവും ശക്തിപ്പെടുകയും ചെയ്യും. അതിർത്തി പ്രദേശങ്ങളിലെ കർഷകർക്ക് കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും വ്യാപാര സാധ്യതകൾ വികസിപ്പിക്കാനും ഇത് സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്ന ഈ പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇരു സംസ്ഥാനങ്ങളിലെയും അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ.