സൗഹൃദം കാട്ടി ശത്രുതാപരമായ നീക്കങ്ങൾ തുടരുകയാണ്'; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെസിബിസി

 
KCBC

കൊച്ചി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് ജി പാലക്കപ്പിള്ളി. സൗഹൃദം കാണിച്ചിട്ടും ശത്രുതാപരമായ നീക്കങ്ങൾ തുടരുകയാണെന്ന് അദ്ദേഹം പറയുന്നു. ദീപിക പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ജേക്കബ് പാലക്കപ്പിള്ളി വിമർശനം ഉന്നയിച്ചിരിക്കുന്നത്.

'സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ ക്രിസ്ത്യൻ വിദ്വേഷം പരത്തുന്നു. സൗഹൃദം പ്രകടിപ്പിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങൾ അവർ തുടരുന്നു. ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്.

ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതൽ അക്രമങ്ങൾ നടക്കുന്നത്. വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാനാണ് ഇവരുടെ ശ്രമം. പള്ളികൾ ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല.' - ഫാദർ ജേക്കബ് പാലക്കപ്പിള്ളി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് പാർട്ടിയിൽ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ ജേക്കബ് ജി പാലക്കപ്പിള്ളി നേരത്തെ രംഗത്തെത്തിയിരുന്നു. 'സജി ചെറിയാന്റെ പ്രസ്താവനയിൽ ക്രിസ്ത്യൻ സമൂഹം അമർഷത്തിലാണ്.

പ്രധാനപ്പെട്ട സ്ഥാനങ്ങളിലുള്ളവർ സംസാരിക്കുമ്പോൾ അവരുടെ വാക്കുകളിൽ മിതത്വം പാലിക്കണം. ഭരണഘടനാ ലംഘനത്തിന്റെ പേരിൽ സജി ചെറിയാന് നേരത്തെ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. സമൂഹത്തിലെ ഉന്നതരെ അഭിസംബോധന ചെയ്യുമ്പോൾ മാത്രം ഉപയോഗിക്കേണ്ട ഒരു നിഘണ്ടു അവരുടെ കൈവശമുണ്ട്.

അത്തരം നിഘണ്ടുക്കൾ ഉപയോഗിക്കുന്ന ഒരു സ്കൂളിൽ നിന്ന് വരുന്നത് അദ്ദേഹത്തിൽ നിന്ന് അധികം പ്രതീക്ഷിക്കാനാവില്ല. ക്രിസ്ത്യാനികൾ എന്ത് രാഷ്ട്രീയം സ്വീകരിക്കണമെന്നും എന്ത് നിലപാട് സ്വീകരിക്കണമെന്നും തീരുമാനിക്കുന്നത് മറ്റ് രാഷ്ട്രീയ പാർട്ടികളല്ല. ആരെങ്കിലും ഒരു വിരുന്നിൽ പങ്കെടുത്താൽ നിങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയിലേക്ക് ചായുകയാണെന്ന് സ്ഥാപിക്കുന്നത് എന്തുകൊണ്ട്? '- ഫാദർ ജേക്കബ് പാലക്കപ്പിള്ളി ചോദിച്ചു.