ആരോഗ്യ രംഗത്തെ മറ്റൊരു മാതൃകയാകും ഹൃദയപൂര്‍വം പദ്ധതി: മുഖ്യമന്ത്രി

ഹൃദയപൂര്‍വം: ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആര്‍) പരിശീലന ബോധവത്ക്കരണ ക്യാമ്പയിന്‍

 
Kerala
Kerala

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് വലിയ രീതിയിലുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും അത്തരം മാതൃകയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒന്നാകും ഹൃദയപൂര്‍വം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ യുവജനങ്ങളേയും മുന്‍നിര തൊഴില്‍ വിഭാഗങ്ങളേയും പ്രഥമ ശുശ്രൂഷ നല്‍കാന്‍ പ്രാപ്തമാരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 200 സ്ഥലങ്ങളിലാണ് ഇന്ന് സംസ്ഥാനത്ത് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

തുടര്‍ന്ന് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആര്‍: കാര്‍ഡിയോ പള്‍മണറി റെസെസിറ്റേഷന്‍) പരിശീലന ബോധവത്ക്കരണ ക്യാമ്പയിന്‍ 'ഹൃദയപൂര്‍വം' സംസ്ഥാനതല ഉദ്ഘാടനം നിയമസഭയിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹൃദയ സ്തംഭനം കൊണ്ടുള്ള പെട്ടന്നുണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കാനായി പൊതുജനങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുന്നതാണ് ഹൃദയപൂര്‍വം പദ്ധതി. ഹൃദയസ്തംഭനം ഉണ്ടായ ഒരാള്‍ക്ക് പ്രഥമ ശുശ്രൂഷ, പെട്ടെന്ന് തന്നെ നല്‍കുന്ന ഒരു മാര്‍ഗമാണ് സിപിആര്‍. ഈ പരിശീലനത്തിലൂടെ പൊതുസമൂഹത്തെ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നമ്മുടെ നാട്ടിലെ ഹൃദ്രോഗ നിരക്കില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്നു എന്നത് ആശങ്കകള്‍ ഉളവാക്കുന്ന കാര്യമാണ്. ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനും രോഗനിവാരണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ രോഗ ശുശ്രൂഷയെ കുറിച്ച് പൊതുസമൂഹത്തെ ബോധവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്.

കുഴഞ്ഞ് വീണ് ഉണ്ടാകുന്ന മരണങ്ങളില്‍, ചിലര്‍ക്കെങ്കിലും കൃത്യസമയത്ത് പ്രഥമ ശുശ്രൂഷ കിട്ടിയിരുന്നെങ്കില്‍ അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാന്‍ സാധിക്കുമായിരുന്നു. മതിയായ പരിശീലനം ലഭിച്ച ആരും സമീപത്ത് ഇല്ലാതിരുന്നത് കൊണ്ടാണ് അത് സംഭവിച്ചത്. അത്തരം ഒരു ദുരവസ്ഥ ഇനിയുണ്ടാകാന്‍ പാടില്ല. അത് കൂടി ലക്ഷ്യം വച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സിപിആര്‍ ജനകീയ ക്യാമ്പയിന്‍ കേരളത്തിലെമ്പാടും സംഘടിപ്പിക്കുന്നത് അഭിനന്ദനീയമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. ഇത്തരമൊരു പരിശീലനത്തിന് മുന്നോട്ടുവന്ന എല്ലാവരേയും സ്പീക്കര്‍ അഭിനന്ദിച്ചു.

ലോക ഹൃദയ ദിനത്തില്‍ അനിവാര്യമായ ഒരു പ്രവര്‍ത്തനത്തിനാണ് തുടക്കമിടുന്നതെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നമ്മുടെ കണ്‍മുമ്പില്‍ പ്രിയപ്പെട്ടവര്‍ വീണ് മരിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതൊരു തീരാവേദനയാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഹൃദയമിടിപ്പ് വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള ഒരു ഇടപെടല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് സാധ്യമാണ്. ലോക ഹൃദയ ദിനത്തില്‍ ഇതിന്റെ അനിവാര്യത കണ്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഈയൊരു ജനകീയ ഇടപെടല്‍ നടത്തുന്നത്.

ഹൃദയസ്തംഭനവുമായി ആശുപത്രികളില്‍ എത്തുന്നവരിലെ മരണനിരക്ക് മുമ്പ് 30 ശതമാനമായിരുന്നെങ്കില്‍ ഇപ്പോളത് 6 ശതമാനത്തില്‍ താഴെയാണ്. ആശുപത്രികളിലെത്തുന്നതിന് മുമ്പ് നടക്കുന്ന ഹൃദയസ്തംഭനങ്ങളില്‍ ഇത്തരത്തിലുള്ള ജനകീയ ഇന്റര്‍വെന്‍ഷനിലൂടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ സാധിക്കും. പദ്ധതിയുമായി സഹകരിച്ച ഐഎംഎയ്ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, ജി.ആര്‍. അനില്‍, നിയമസഭാ സെക്രട്ടറി കൃഷ്ണകുമാര്‍, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ഐഎംഎ പ്രസിഡന്റ് ശ്രീവത്സന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എംഎല്‍എമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, നിയമസഭാ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, ഐഎംഎ പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.

ഉദ്ഘാടനത്തിന് ശേഷം നിയമസഭാ സാമാജികര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലനം നടത്തി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 200ലധികം കേന്ദ്രങ്ങളില്‍ പരിശീലനം നടന്നു.