കിടപ്പുരോഗിയോട് അവഗണനയെന്ന് പരാതി : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

 
Human Rights Commission
Human Rights Commission

തിരുവനന്തപുരം : കിളിമാനൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നും കിടപ്പുരോഗിക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതി സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ പരിശോധിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

16 വർഷമായി രോഗകിടക്കയിലുള്ള കിളിമാനൂർ നാലാം വാർഡിലുള്ള ചന്ദ്രൻ എന്നയാളെ ഒരു മുതിന്ന ഉദ്യോഗസ്ഥൻ സന്ദർശിച്ച് പരാതിയെകുറിച്ച് അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  കിളിമാനൂർ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറെയും കിളിമാനൂർ പഞ്ചായത്ത് സെക്രട്ടറിയെയും നേരിൽ കണ്ട് വിവരങ്ങൾ അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  ചന്ദ്രന് കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ ഡോക്ടർക്കും ബന്ധപ്പെട്ട ആശാവർക്കർക്കും നിർദ്ദേശം നൽകണം.  രോഗിക്ക് വീൽചെയർ ആവശ്യമാണെങ്കിൽ പഞ്ചായത്തിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.  ആശാപ്രവർത്തകരുടെ സേവനം ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

ചന്ദ്രനോട് ആരോഗ്യ പ്രവർത്തകർ അവഗണന കാണിക്കുകയാണെന്ന് ആരോപിച്ച് പൊതു പ്രവർത്തകനായ സേതു സമർപ്പിച്ച പരാതിയിലാണ് നടപടി.