‘മക്കളെ നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകില്ല’
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടത്തിൽ പ്രതികരണവുമായി കേസിലെ പ്രതി സുഹൈൽ സജീവിന്റെ മാതാവ് നൂഹ സജീവ്. മക്കളെ നഷ്ടപ്പെടുന്ന വേദന വാക്കുകൾകൊണ്ട് വിവരിക്കാനാകാത്തതാണെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖം തനിക്ക് മനസ്സിലാകുമെന്നും അവർ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നൂഹയുടെ പ്രതികരണം.
മക്കളെ സ്നേഹത്തോടെ വളർത്തി അവരുടെ സ്വപ്നങ്ങളുമായി മുന്നോട്ടുപോകുന്ന മാതാപിതാക്കൾക്ക് അപ്രതീക്ഷിതമായി മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന എത്രത്തോളം വലുതാണെന്ന് തനിക്ക് അറിയാമെന്ന് നൂഹ പറഞ്ഞു. അപകടത്തിൽ മരിച്ച മൂന്ന് യുവാക്കളുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച അവർ, തങ്ങളുടെ വാക്കുകൾകൊണ്ട് ആ കുടുംബങ്ങളുടെ തീരാദുഃഖത്തിന് കുറവുവരില്ലെന്നും വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകണമെന്നും നൂഹ ആവശ്യപ്പെട്ടു. സത്യം പുറത്തുവരണം. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാപരമായിരിക്കണമെന്നും അവർ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയെ ചെറുതാക്കി കാണാനല്ല തന്റെ പ്രതികരണമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, അപകടവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും സ്വകാര്യത മാനിക്കണമെന്നും നൂഹ അഭ്യർഥിച്ചു. തങ്ങളുടെ കുടുംബത്തിനും സാധാരണക്കാരുടേതുപോലെ ജീവിതമുണ്ടെന്നും പ്രചരിപ്പിക്കുന്ന ഓരോ കാര്യങ്ങളും കുടുംബത്തെ ബാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിലാണ് ദേവിക, ഗോപിക, ഇയാസ് എന്നിവർ മരിച്ചത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് സുഹൈൽ സജീവായിരുന്നുവെന്നാണ് കേസ്. സുഹൈലിനെയും മറ്റ് മൂന്ന് പ്രതികളെയും ജാമ്യത്തിൽ വിടണമെന്ന അപേക്ഷ ഒക്ടോബർ 17ന് അങ്കമാലി കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണം തുടരുകയാണ്.