"കരയാൻ പോലും കഴിയുന്നില്ല, നെഞ്ച് വേദനിക്കുന്നു

അപകടത്തിന് പിന്നാലെ സഹായം ലഭിച്ചില്ലെന്ന് ആരോപിച്ച് റാപ്പിഡോയ്ക്കെതിരെ മലയാളി യുവതി
 
Kerala

ബെംഗളൂരു: റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ ഗുരുതര അപകടത്തിന് പിന്നാലെ കമ്പനി യാതൊരു സഹായവും നൽകിയില്ലെന്ന് ആരോപിച്ച് മലയാളി യുവതി രംഗത്ത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സ തുടരുന്നതിനിടെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തന്റെ ദുരനുഭവം പങ്കുവെച്ചത്. 

കോഴിക്കോട് സ്വദേശിനിയായ 32-കാരിയായ യുവതി ബെംഗളൂരുവിൽ ജോലിക്കുപോകുന്നതിനിടെ റാപ്പിഡോ ബൈക്കിൽ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലും അശ്രദ്ധയോടെയും വാഹനം ഓടിച്ച ഡ്രൈവർ ട്രാക്ടറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് യുവതി റോഡിലേക്ക് തെറിച്ചുവീഴുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. 

അപകടത്തിൽ മുഖത്തിനും വാരിയെല്ലുകൾക്കും പ്ലീഹയ്ക്കും ഗുരുതര പരിക്കേറ്റ യുവതി ദീർഘകാല ചികിത്സയിലാണ്. "കരയാൻ പോലും കഴിയുന്നില്ല, നെഞ്ച് വേദനിക്കുന്നു" എന്ന് പറഞ്ഞ യുവതി, ചികിത്സാച്ചെലവ് വൻതോതിൽ ഉയർന്നിട്ടും റാപ്പിഡോയിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നാണ് ആരോപിക്കുന്നത്. 

അതേസമയം, സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും ഇൻഷുറൻസ് ക്ലെയിം നടപടികൾ ആരംഭിക്കാൻ സഹായം നൽകിയിട്ടുണ്ടെന്നും കുടുംബവുമായി തുടർച്ചയായി ബന്ധപ്പെടുകയാണെന്നും റാപ്പിഡോ പ്രതികരിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും കമ്പനി അറിയിച്ചു. 

സംഭവത്തിൽ അശ്രദ്ധാപരമായ വാഹനമോടിച്ചതിന് റാപ്പിഡോ റൈഡർക്കും ട്രാക്ടർ ഡ്രൈവർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബൈക്ക് ടാക്സി സേവനദാതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്.