പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ല; നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു
കൊച്ചി: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇപ്പോഴത്തെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹത്തിൻ്റെ കുടുംബം പറഞ്ഞു. ഈ സാഹചര്യത്തിലാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. നവീൻ ബാബുവിൻ്റെ ഭാര്യ കേരള ഹൈക്കോടതിയിൽ ഹർജി നൽകി.
പോലീസ് അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. സംസ്ഥാന പോലീസ് അന്വേഷിച്ചാൽ പലതും പുറത്തുവരില്ല. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പലരും പുറത്തുവിടുന്നത്. ഒരു സിപിഎം നേതാവ് കേസിൽ പ്രതിയാണ്.
അവർക്ക് സർക്കാരിൽ വലിയ സ്വാധീനമുണ്ട്. ഇത് കേസന്വേഷണത്തെ ബാധിച്ചേക്കും. ഇക്കാര്യത്തിൽ നീതിയുക്തമായ അന്വേഷണം വേണം. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന പോലീസിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല. നീതി ലഭിക്കണമെങ്കിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നവീൻ ബാബുവിൻ്റെ കുടുംബം ഹർജി നൽകിയത്. നാളെയോ മറ്റന്നാളോ ഹൈക്കോടതി ഹർജി പരിഗണിച്ചേക്കും.
സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം
കണ്ണൂർ ജില്ലാ കലക്ടറുടെയും പമ്പുടമ പ്രശാന്തൻ്റെയും ഫോൺകോൾ രേഖകളും കലക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ തലശേരി കോടതിയിൽ ഹർജി നൽകിയിരുന്നു. ഏതെങ്കിലും ഘട്ടത്തിൽ കേസ് മറ്റ് ഏജൻസികൾ അന്വേഷിച്ചാൽ തെളിവുകൾ നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.