കൂട്ട രാജിയിൽ ഞാൻ അത്ഭുതപ്പെട്ടില്ല, അമ്മ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയാം

 
Parvathy

കൊച്ചി: ആരോപണങ്ങളെ തുടർന്ന് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ കൂട്ട രാജി ഭീരുത്വമാണെന്ന് നടി പാർവതി തിരുവോത്ത്. ഉത്തരം പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് അവർ ഒളിച്ചോടുകയാണെന്നും നടി കൂട്ടിച്ചേർത്തു. ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ പ്രതികരണം.

'ഈ വാർത്ത കേട്ടപ്പോൾ ആദ്യം തോന്നിയത് അവർ എത്ര ഭീരുക്കളാണെന്നാണ്. വിഷയത്തിൽ ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട അവസ്ഥയിലായിരുന്നു അവർ. സർക്കാരുമായി സഹകരിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ചെറിയ നീക്കമെങ്കിലും അവർ നടത്തേണ്ടതായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികളെ തിരികെ സ്വാഗതം ചെയ്തത് ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്.

ലൈംഗികാരോപണം പുറത്തുവരുന്നത് വരെ അങ്ങനെയൊന്നും സംഭവിക്കുന്നില്ല എന്ന മട്ടിൽ ഇരുന്നത് ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. സ്ത്രീകളോട് പരാതിയുണ്ടെങ്കിൽ മുന്നോട്ടുവരാൻ പറഞ്ഞ സർക്കാർ അവഗണനയും കാണിച്ചു. പൊതുസമൂഹത്തിൻ്റെ കുറ്റപ്പെടുത്തലും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകൾ കടന്നുപോകും. അതിനു ശേഷം നമ്മുടെ കരിയറിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ആരും ചിന്തിക്കില്ല.

അത് ആരുടെയും പ്രശ്നമല്ല. ഞങ്ങൾ ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയതല്ല. ഞങ്ങൾ തെറ്റുകാരല്ല, പക്ഷേ സ്ത്രീകൾ ഇതിൻ്റെ ഭാരം വഹിക്കുന്നു. മുന്നോട്ട് വന്ന സ്ത്രീകൾക്ക് ഞങ്ങൾ പൂർണ പിന്തുണ നൽകുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രാജിവച്ചതിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. അമ്മ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയാം. ഞാനും അതിൻ്റെ ഭാഗമായിരുന്നു. അതുകൊണ്ടാണ് ഞാൻ അതിൽ നിന്ന് രാജിവെച്ചത്. ഇനിയും മികച്ച നേതൃത്വമാണ് പ്രതീക്ഷിക്കുന്നതെന്ന് പാർവതി തിരുവോത്ത് പറഞ്ഞു.