'3 കോടി നൽകിയാൽ മന്ത്രിയാക്കാം'; എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ വാട്‌സ്ആപ്പ് കോൾ, സൈബർ സെൽ അന്വേഷണം
എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് 3 കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനമൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ വാട്‌സ്ആപ്പ് കോൾ ലഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംസ്ഥാന മന്ത്രിസഭ പുനഃസംഘടന നടക്കാനിരിക്കുകയാണെന്നും അതിന്റെ ഭാഗമായി മന്ത്രിയാക്കാമെന്നുമാണ് വിളിച്ചയാൾ അവകാശപ്പെട്ടത്.
വിളിച്ചയാൾ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണ് സംസാരിക്കുന്നതെന്ന് പരിചയപ്പെടുത്തി. തുടർന്ന് സംശയം തോന്നിയ എംഎൽഎ പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയും അത്തരമൊരു കോൾ നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
ജൂലൈ 6-നാണ് ഇംഗ്ലീഷിൽ നടന്ന വാട്‌സ്ആപ്പ് കോൾ ലഭിച്ചത്. 'രാജ്കുമാർ' എന്നാണ് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. തട്ടിപ്പാണെന്ന് മനസ്സിലാക്കിയ എംഎൽഎ സംഭാഷണം തുടർന്നു. പണം നൽകിയാൽ മന്ത്രിസ്ഥാനമൊരുക്കുന്ന നടപടിക്രമം എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ, അതുസംബന്ധിച്ച വിശദീകരണവും ഇയാൾ നൽകിയതായി പരാതിയിൽ പറയുന്നു.
സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ കോൾ ഡൽഹിയിൽ നിന്നാണ് വന്നതെന്ന് കണ്ടെത്തിയതായും കൂടുതൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.