പ്രതികൂല കാലാവസ്ഥ, കനത്ത മഴയെ തുടർന്ന് പല വിമാനങ്ങളും റദ്ദാക്കി
കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. കോഴിക്കോട് - റിയാദ് (രാത്രി 8.35), കോഴിക്കോട് - അബുദാബി (രാത്രി 10.5), കോഴിക്കോട് - മസ്‌കറ്റ് (രാത്രി 11.10) എന്നീ എയർ ഇന്ത്യയുടെ വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ട് വിമാനങ്ങൾ പുറപ്പെടാൻ വൈകി.
കരിപ്പൂരിൽ നിന്ന് അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ വൈകി. ഈ രണ്ട് വിമാനങ്ങളും ഇന്നലെ രാത്രി പുറപ്പെടേണ്ടതായിരുന്നു. കനത്ത മഴയെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ജില്ലകളിലും വെള്ളക്കെട്ടുണ്ടായി. മണിക്കൂറുകളോളം പെയ്ത മഴയിൽ കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങൾ മുങ്ങി. കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ ശനിയാഴ്ചയോടെ ശമിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നും നാളെയും ശക്തമായ മഴ തുടരും. ഇന്നലെ തെക്കൻ കേരളം കേന്ദ്രീകരിച്ച് പെയ്ത കനത്ത മഴ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. ഉയർന്ന തിരമാലകൾ കാരണം കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ രണ്ടു പേർ മരിച്ചു. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി.