ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാട് : ഉപരാഷ്ട്രപതി
Jul 6, 2024, 18:42 IST
തിരുവനന്തപുരം : ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാടാണെന്നും ലോകം അതംഗീകരിക്കുന്നുവെന്നും ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ 12-ാമത് ബിരുദദാനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഉപരാഷ്ട്രപതി.
ആഗോള രാജ്യങ്ങൾ ഇന്ത്യയുടെ ബഹിരാകാശ വിജയങ്ങളെ അംഗീകരിച്ചു. കഴിഞ്ഞ ഒരു വർഷത്തെ ബഹിരാകാശ ദൗത്യങ്ങൾ പ്രശംസ അർഹിക്കുന്നു. ചന്ദ്രയാൻ, ആദിത്യ എൽ 1 ദൗത്യങ്ങൾ സാധ്യമായത് ഐ.എസ്.ആർ.ഒ കാരണമാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമെന്ന ബഹുമതിയിൽ നമ്മൾ അഭിമാനിക്കണം.
ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. ഭാരതം കുതിച്ചുയരുകയാണ്. ആ വളർച്ച യുവാക്കളാണ് നയിക്കുന്നത്. അത് 2047-ൽ പാരമ്യത്തിലെത്തും. എന്നാൽ 2047ന് മുമ്പ് നമ്മൾ വികസിത ഭാരതം ആകുമെന്ന് വിശ്വസിക്കുന്നു. മൂന്നാമത്തെ വലിയ ആഗോള സമ്പദ് വ്യവസ്ഥയാകാനുള്ള പാതയിലാണ് രാജ്യം. യുവാക്കൾക്ക് വളരാനുള്ള മികച്ച അന്തരീക്ഷം രാജ്യത്തുണ്ടെന്നും അവരുടെ താല്പര്യം, കഴിവ്, എന്നിവ വളർത്തിയെടുക്കാൻ ഇന്ത്യയിൽ സാധിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
അധ്യാപകരുൾപ്പെടുന്ന അക്കാദമിക വിഭവശേഷിയിലും വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളിലും മാതൃക തീർക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി. ഐ എസ് ആർ ഒ യിലടക്കം പ്രവർത്തിച്ച് രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗമാകാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നുവെന്നത് അഭിമാനകരമാണ്. ഓരോ നിമിഷവും ലോകത്തിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ബിരുദം ഏറ്റു വാങ്ങിയ എല്ലാവർക്കും കഴിയുന്നു. ലിഥിയം, സോഡിയം അടക്കമുള്ള മൂലകങ്ങളുടെ വരും സാധ്യതകളിലാണ് ഇന്ന് ലോകത്തിന്റെ ശ്രദ്ധ. ഹൈഡ്രജൻ ഇന്ധനമാക്കി ഹരിത ഊർജ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യ കർമ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ആട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിങ്, ബ്ലോക്ക് ചെയിൻ മാനേജ്‌മെന്റടക്കമുള്ള നവീന വിഷയങ്ങൾക്ക് സാധ്യതയേറുന്നു. ഇവയുടെ എല്ലാം സാധ്യതകൾ അറിയുകയും പഠിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിവേഗം രൂപാന്തരത്വം പ്രാപിക്കുന്ന ശാഖയെന്ന രീതിയിൽ സ്‌പേസ് ടെക്‌നോളജിയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനും വിദ്യാർത്ഥി സമൂഹത്തിന് ബാധ്യതയുണ്ട്. പ്രസ്തുത മേഖലകളിൽ ഗവേഷണ ഫലങ്ങൾ കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനതക്ക് പ്രയോജനപ്പെടും വിധം ഉപയോഗിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. പരാജയങ്ങളിൽ ഭയപ്പെടേണ്ടതില്ല. അത് വരും വിജയങ്ങളുടെ മുന്നോടിയായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഐ ഐ എസ് ടി ബിരുദ ദാനം ഉപരാഷ്ട്രപതി നിർവഹിച്ചു. ഉപരാഷ്ട്രപതിയുടെ പത്നി സുധേഷ് ധൻകർ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കുള്ള പ്രശസ്തി പത്രവും ക്യാഷ് അവാർഡും സമ്മാനിച്ചു.
ഐ എസ് ആർ ഒ ചെയർമാൻ എസ് സോമ്‌നാഥ്, ചാൻസർ ഡോ. ബി എൻ സുരേഷ്, ഐ ഐ എസ് ടി ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ , എൽ പി എസ് സി ഡയറക്ടർ ഡോ.വി നാരായണൻ, രജിസ്ട്രാർ പ്രൊഫ.കുരുവിള ജോസഫ് എന്നിവർ സംബന്ധിച്ചു.
ഐ ഐ എസ് ടി ക്യാമ്പസിലെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമ്‌നാഥ്, ഐ ഐ എസ് ടി ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ക്യാമ്പസ്സിൽ ഉപരാഷ്ട്രപതിയും പത്‌നി സുധേഷ് ധൻകറും ചേർന്ന് വൃക്ഷത്തൈ നട്ടു.