കൊച്ചി ബിനാലെയിൽ ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു

 
Kerala
Kerala

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി   ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു. ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ 'മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്റെ' ഭാഗമായാണ് പരിപാടി ഒരുക്കിയത്. 'ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ' എന്ന് പേരിട്ടിരിക്കുന്ന ശിൽപശാല മൂന്ന് സെഷനുകളിലായാണ് നടന്നത്.

ശബ്ദങ്ങൾക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വർക്ക്ഷോപ്പ് വിശദമാക്കി.  കേൾവി പരിമിതി ഉള്ളവരും അല്ലാത്തവരുമായ നിരവധി പേർ പങ്കെടുത്ത  പരിപാടിയിൽ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാർദീപ് സിംഗ്, അഭിരാമി പി.എസ് എന്നിവർ നേതൃത്വം നൽകി.

എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നാവണം കല എന്നും, അതിനാണ് തങ്ങൾ ഇപ്പോൾ ഈ വർക്ക്ഷോപ്പ് അവസരമൊരുക്കിയിരിക്കുന്നത് എന്നും മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ് സിദ്ധാർത്ഥ മേനോൻ പറഞ്ഞു. മൃദുവായ പരവതാനികൾ, കളിമൺ ശിൽപങ്ങൾ, വൈവിധ്യമാർന്ന തുണിത്തരങ്ങൾ എന്നിവയാണ് മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്  പ്രദർശനത്തിന്റെ പ്രധാന ആകർഷണം.