സ്ത്രീത്വത്തെ അപമാനിച്ചു'; വനിതാ നിർമ്മാതാവിൻ്റെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്
കൊച്ചി: വനിതാ നിർമ്മാതാവിൻ്റെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു. ആൻ്റോ ജോസഫ് ലിസ്റ്റിൻ സ്റ്റീഫൻ, ബി രാകേഷ് എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. അസോസിയേഷൻ യോഗത്തിൽ വിളിച്ചുവരുത്തി സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഭാരവാഹികൾ മോശമായി പെരുമാറിയെന്നാണ് പരാതി.
താൻ നിർമ്മിച്ച ചില സിനിമകളെ കുറിച്ച് വനിതാ നിർമ്മാതാവ് അസോസിയേഷൻ യോഗത്തിൽ ചില പരാതികൾ ഉന്നയിച്ചിരുന്നു. പരാതികൾ അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിൽ പരിഹരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനിടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. അന്ന് ഭാരവാഹികൾക്കെതിരെ പരാതിക്കാരി പരസ്യമായ അഭിപ്രായപ്രകടനം നടത്തി.
വിശദീകരണം തേടിയ ശേഷം എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനെത്തിയ യുവതിയോട് മോശമായി പെരുമാറി. അവർ തന്നെ തുറിച്ചുനോക്കിയെന്നും മാനസികമായി തകർന്നെന്നും പരാതിക്കാരി ആരോപിച്ചു.