അഭിരാം കൊലക്കേസിലെ പ്രതിക്ക് യഥാർഥത്തിൽ 17 വയസ്സാണോ? പ്രായപരിശോധന ആവശ്യപ്പെട്ട് കുടുംബം

രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുക്കാൻ പൊലീസ്
 
Kerala

തിരുവനന്തപുരം: പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി എ.ഡി. അഭിരാമിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പ്രായത്തിൽ സംശയം ഉന്നയിച്ച് കുടുംബം രംഗത്ത്. പ്രതിക്ക് യഥാർഥത്തിൽ 17 വയസ്സാണോയെന്ന് ശാസ്ത്രീയമായി പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി പ്രായനിർണയ പരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതിയായ 17-കാരനും മറ്റ് പ്രതികളും തമ്മിലുള്ള പങ്ക് സംബന്ധിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജുവനൈൽ പദവി ഉപയോഗപ്പെടുത്തി കേസിലെ ശിക്ഷയിൽ ഇളവ് നേടാൻ പ്രതികൾ നേരത്തെ ധാരണയിലെത്തിയിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്.

മുൻ പ്രണയബന്ധവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മറ്റൊരു യുവാവിനെ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

നവംബർ ഒന്നിനാണ് അഭിരാമിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണ്.