അരുണാചലിലെ മലയാളികളുടെ മരണം കൊലപാതകമോ?

മരണശേഷം ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞു

 
Crime

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കേരള പോലീസ്. കോട്ടയം സ്വദേശി നവീൻ്റെ ഭാര്യ ദേവി, അധ്യാപിക ആര്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം മറ്റൊരാൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

കൈത്തണ്ട മുറിഞ്ഞ നിലയിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഒരു സ്ത്രീയുടെ കഴുത്തിൽ മുറിവ് കണ്ടെത്തി. ഇവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടക്കും. മൂവരും അന്ധവിശ്വാസികളാണെന്നും അന്തർമുഖരാണെന്നും പോലീസ് പറഞ്ഞു.

'സന്തോഷത്തോടെ ജീവിച്ചു, ഇപ്പോൾ പോകുന്നു' എന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മരണാനന്തര ജീവിതത്തെക്കുറിച്ച് മൂവരും ഇൻ്റർനെറ്റിൽ തിരഞ്ഞു. മരണശേഷം എന്ത് സംഭവിക്കും തുടങ്ങിയ കാര്യങ്ങൾ അവർ ഗൂഗിളിൽ സെർച്ച് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട നിരവധി യൂട്യൂബ് വീഡിയോകളും അവർ കണ്ടു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. താൻ പുനർജന്മത്തിൽ വിശ്വസിക്കുന്നുവെന്ന് ദേവി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ദേവിയേയും ഭർത്താവിനേയും കാണാനില്ലെന്ന വിവരം ലഭിച്ചത്. വിനോദയാത്രയ്ക്ക് പോവുകയാണെന്ന് നവീനും ദേവിയും ബന്ധുക്കളോട് പറഞ്ഞതിനാൽ ബന്ധുക്കൾക്ക് സംശയം തോന്നിയില്ല.

ആര്യയുടെ മിസ്സിംഗ് കേസ് അന്വേഷിച്ചപ്പോഴാണ് ഇൻഡിഗോ വിമാനത്തിൽ മൂവരും ഒരുമിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതെന്ന് കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഇറ്റാനഗർ പോലീസ് ഇവരുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചത്.