തുറന്നു പറഞ്ഞതിന് അവരെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല; വിൻസിക്ക് സർക്കാരിന്റെ പൂർണ പിന്തുണ


പാലക്കാട്: സിനിമാ സെറ്റിൽ ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയ നടി വിൻസി അലോഷ്യസിന് സർക്കാരിന്റെ പൂർണ പിന്തുണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രി വിൻസിയുമായി സംസാരിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും നടി പറഞ്ഞു.
തുറന്നു പറഞ്ഞതിന് നടിയെ ഒറ്റപ്പെടുത്തുന്ന സിനിമാ പ്രവർത്തകരുടെ പ്രവണത ശരിയല്ല. മയക്കുമരുന്നിനെതിരെ ഉരുക്കുമുഷ്ടി പ്രയോഗിക്കും. സിനിമാ സെറ്റുകളിൽ എക്സൈസ് പരിശോധന കർശനമാക്കും. എല്ലായിടത്തും പരിശോധനകൾ ഉണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷം ഒരു നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയതായി വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോയിലാണ് വിൻസി ഈ വെളിപ്പെടുത്തൽ നടത്തിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന അഭിനേതാക്കളോടൊപ്പം ഇനി അഭിനയിക്കില്ലെന്ന നിലപാട് വിശദീകരിക്കുന്നതിനിടെയാണ് വിൻസി ഈ പ്രസ്താവന നടത്തിയത്.
എന്നാൽ നടന്റെ പേരോ സിനിമയുടെ പേരോ അവർ വെളിപ്പെടുത്തിയില്ല. 'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ വിൻസിയോട് മോശമായി പെരുമാറിയെന്ന് പിന്നീട് വെളിപ്പെട്ടു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിൽ പരാതി നൽകിയതിനെ തുടർന്നാണിത്.
അതേസമയം, വിൻസിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും അത് അഹങ്കാരം മൂലമാണെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. വിൻസി തന്റെ കുടുംബ സുഹൃത്താണെന്നും ഷൈൻ വ്യക്തമാക്കിയിരുന്നു. 'ഞാൻ അവരോട് മോശമായി പെരുമാറി എന്ന് പറയുന്നത് തെറ്റാണ്. സിനിമയുടെ സംവിധായകനോ നിർമ്മാതാവോ ഇത് സ്ഥിരീകരിച്ചിട്ടില്ല. സിനിമയുടെ സെറ്റിൽ ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ഷൈൻ പറഞ്ഞു.