ശ്രദ്ധയോടെ പഠിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തം: പ്രൊഫ. ജി.വി ശ്രീകുമാര്‍

 
kochi

കൊച്ചി: വളരെ വേഗതയില്‍ മുന്നോട്ട് പോകുന്ന, സാങ്കേതിക വിദ്യകളാല്‍ സമൃദ്ധമായ ഈ ലോകത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ തിരിക്കാന്‍ ഒരുപാട് മാധ്യമങ്ങള്‍ ഉണ്ടാകുമെന്നും അതില്‍ വീണുപോകരുതെന്നും വിദ്യാര്‍ത്ഥികളോട് പ്രൊഫ.ജി.വി ശ്രീകുമാര്‍. ഐഐടി ബോംബെയിലെ ഡിസൈന്‍ അധ്യാപകനായ അദ്ദേഹം കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദ്യാഭ്യാസവും ഡിസൈനും തമ്മിലുള്ള സഹകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.

''അറബിയും ഒട്ടകവും എന്ന കഥയിലെ ടെന്റ് ആണ് നിങ്ങളുടെ ഒരു ദിവസം എന്നു കണ്ടാല്‍ ഒട്ടകത്തിന്റെ തലയും കഴുത്തും ഉടലുമെല്ലാമായി നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങി ധാരാളം സമൂഹമാധ്യമങ്ങളും മറ്റും നിങ്ങളുടെ ശ്രദ്ധതിരിക്കാനെത്തും. പക്ഷേ, ശ്രദ്ധയോടെ പഠിക്കേണ്ടത്  വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തമാണ്'' - ജിവി ശ്രീകുമാര്‍ പറഞ്ഞു.

കലയും ഡിസൈനും തമ്മിലുള്ള വ്യത്യാസവും അദ്ദേഹം വിവരിച്ചു. കലയ്ക്ക് നമ്മുടെ ജീവിതത്തില്‍ വിവിധങ്ങളായ ഉദ്ദേശ്യങ്ങളുണ്ട്. എന്നാല്‍, ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ ഡിസൈന്‍ സഹായിക്കും. അതിന് അദ്ദേഹം പന്ത്രണ്ട് വയസുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തന്റെ സ്‌കൂളില്‍ കുടിവെള്ള പൈപ്പ് റീഡിസൈന്‍ ചെയ്ത സംഭവമാണ് വിവരിച്ചത്. സമാന്തരരീതിയില്‍ അടുപ്പിച്ചാണ് സ്‌കൂളില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചിരുന്നത് ചെയ്തിരുന്നത്. പക്ഷേ ഇത് വളരെ ഉയരം കുറഞ്ഞ കുട്ടികള്‍ക്ക് വെള്ളം കുടിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കി.

സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത് പൈപ്പുകളുടെ ഘടന  റീ ഡിസൈന്‍ ചെയ്തുകൊണ്ടാണ്. പൊക്കക്കുറവുള്ള വിദ്യാര്‍ത്ഥിക്കും വെള്ളം കുടിക്കാന്‍ സാധിക്കുന്ന രീതിയില്‍ താഴെ നിന്ന് മുകളിലേക്ക് ഒന്നിന് മുകളില്‍ ഓന്നായി ചെരിഞ്ഞ രീതിയില്‍  പൈപ്പുകള്‍ സ്ഥാപിച്ചു. ഇങ്ങനെയാണ് ഡിസൈന്‍ നമ്മളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നതെന്നും അദ്ദേഹം വിവരിച്ചു.

ടെക്‌നോളജി, ക്ലാസ്‌റൂം പഠനത്തിന് പുതിയ മാനം നല്‍കി

ടെക്‌നോളജിയുടെ കടന്ന് വരവ് ക്ലാസ്‌റൂം പഠനത്തിന് പുതിയ മാനം നല്‍കിയെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. രാജ് സിംഗ്. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ആദ്യ ദിനം കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡ് എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് ടെക്‌നോളജിയുടെ പ്രാധാന്യം വിലയിരുത്തുന്നതായിരുന്നു ചര്‍ച്ച. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ എവിടെയിരുന്നും വിദ്യാഭ്യാസം സാധ്യമാകുന്ന നിലയിലേക്ക് ലോകം എത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പഠിക്കുകയെന്നതാണ് ടെക്‌നോളജി യുഗത്തില്‍ നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും വി.സി അഭിപ്രായപ്പെട്ടു.

ആധുനിക സാങ്കേതികവിദ്യ വിദ്യാഭ്യാസ രീതിയെ അടിമുടി പരിഷ്‌കരിച്ചിട്ടുണ്ടെന്ന്  കോഴ്‌സെറയുടെ എ.പി.എ.സി പാര്‍ട്ണര്‍ഷിപ്പുകളുടെ മേധാവി  തപിഷ് എം. ഭട്ട് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളില്‍ 60 ശതമാനം പേരും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് മൊബൈല്‍ മാര്‍ഗമാണ് പാഠങ്ങള്‍ പഠിക്കുന്നത്. വിദ്യാര്‍ത്ഥികളെ ആഗോളതലത്തിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി വ്യവസായ സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ചയില്‍ പങ്കെടുത്ത മോണ്ടെലസ് ഇന്റര്‍നാഷണലിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം സീനിയര്‍ ഗ്രൂപ്പ് ലീഡര്‍ സഞ്ജീവ് കുമാറും സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ പങ്കുവെച്ചു. ടെക്‌നോളജിക്ക് വിശാലത നല്‍കുന്നതിന് ഡിസിപ്ലിനും ഘടനയും പ്രധാനമാണ്. പ്രാവീണ്യവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരത്തെ എങ്ങനെ മറികടക്കാം, അതുവഴി അനുഭവസമ്പന്നരായവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമോ?'- അദ്ദേഹം ചോദിച്ചു.

നൈുണ്യം വര്‍ദ്ധിപ്പിക്കാന്‍ ടെക്‌നോളജി ഉപയോഗിക്കണമെന്ന അഭിപ്രായമായിരുന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ശാസ്ത്രജ്ഞ ഡോ. വന്ദന കലിയയുടേത്. ഉന്നത വിദ്യാഭ്യാസത്തില്‍ ടെക്‌നോളജിക്ക് നിര്‍ണായകമായ ഒരു പങ്കുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പുതിയ കാര്യങ്ങള്‍ പഠിക്കുവാന്‍ ടെക്‌നോളജി സഹായകരമാണെന്നും അതുതന്നെയാണ് ടെക്‌നോളജിയുടെ സൗന്ദര്യമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത  അസെഞ്ചറിലെ മെഷീന്‍ ലേണിങ് എന്‍ജിനീയര്‍ ദീനു ഖാന്‍ പറഞ്ഞു.