‘ഈ ജന്മത്തിൽ നടക്കില്ല’; കേരളത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കേരളത്തിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കില്ലെന്ന് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. “ഈ ജന്മത്തിൽ നടക്കില്ല” എന്നായിരുന്നു കാസർഗോഡ് നടത്തിയ പ്രതികരണത്തിൽ ഉണ്ണിത്താന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാലും പൂർണരൂപത്തിൽ വന്ദേമാതരം ആലപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ആലപിച്ചുവരുന്ന രീതിയിൽ തന്നെ വന്ദേമാതരം തുടരുമെന്നും അതിൽ കൂടുതലായി ഒന്നും ആലപിക്കില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. പൂർണരൂപത്തിൽ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നിർദേശം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് ആറിനാണ് കേരള ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓഗസ്റ്റ് 9 മുതൽ 17 വരെ നടക്കുന്ന ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തുന്നതിനൊപ്പം വന്ദേമാതരം കൂട്ടായി ആലപിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കണമെന്ന നിർദേശത്തിനെതിരെ സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ കത്ത് പിൻവലിക്കണമെന്നും കേന്ദ്ര നിർദേശത്തിന് സംസ്ഥാന സർക്കാർ വഴങ്ങുകയാണെന്നും സിപിഎം ആരോപിച്ചു.
അതേസമയം, വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി പൂർണരൂപത്തിലുള്ള വന്ദേമാതരം ആലപിക്കുന്നതിനുള്ള നിർദേശങ്ങൾ കേന്ദ്രം നൽകിയിരിക്കുന്നത്. ഇതാണ് കേരളത്തിലും പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചത്.