മാപ്പ് പറഞ്ഞാൽ മാത്രം പോര'; വ്യാജ പെൻഷൻ വാർത്തയിൽ അപകീർത്തിക്കേസ് തുടരുമെന്ന് പി.കെ. ശ്രീമതി
തിരുവനന്തപുരം: വ്യാജ കുടുംബപെൻഷൻ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞാൽ മാത്രം മതിയാകില്ലെന്നും, അപകീർത്തിക്കേസുമായി മുന്നോട്ട് പോകുമെന്നും മുതിർന്ന സി.പി.എം നേതാവ് പി.കെ. ശ്രീമതി വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെയും ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിച്ച വ്യാജവാർത്ത തന്റെ പൊതുജീവിതത്തെയും വ്യക്തിപരമായ അഭിമാനത്തെയും ഗുരുതരമായി ബാധിച്ചുവെന്ന് അവർ പറഞ്ഞു.
ഒരു എം.എൽ.എയുടെ ഭാര്യയെന്ന പേരിൽ കുടുംബപെൻഷൻ കൈപ്പറ്റുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്ത പൂർണമായും വ്യാജമാണെന്ന് ശ്രീമതി ആവർത്തിച്ചു. ഇത്തരമൊരു എം.എൽ.എ തന്നെ ഉണ്ടായിരുന്നില്ലെന്നും, നിയമസഭാംഗത്തിന്റെ കുടുംബപെൻഷൻ ഒരിക്കലും കൈപ്പറ്റിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ മാനനഷ്ടക്കേസിനൊപ്പം സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര മന്ത്രിക്കും നിയമസഭാ സ്പീക്കർക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ശ്രീമതി അറിയിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിൽ സമ്പാദിച്ച വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് ഇതെന്നും അവർ ആരോപിച്ചു.