മനുഷ്യച്ചങ്ങല തീർക്കാൻ ജനസാഗരം ദേശീയപാതയിലേക്ക്
തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ പ്രതിരോധത്തിന്റെ മഹാകോട്ട തീർക്കാൻ ലക്ഷങ്ങൾ ദേശീയപാതയിലേക്ക് എത്തിത്തുടങ്ങി. ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന മനുഷ്യചങ്ങലയിൽ അണിചേരാൻ വൻ ജനാവലിയാണ് ദേശീയ പാതയിലേക്ക് എത്തുന്നത്.
കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരത്ത് രാജ്‌ഭവൻവരെ 651 കിലോമീറ്റർ ദൂരത്തിലാണ് ഡിവെെഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർക്കുക. ഇന്ന് വൈകിട്ട് നാലരയ്‌ക്ക് ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുക്കും. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം കാസർകോട്ട് ആദ്യ കണ്ണിയാകും.
ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജൻ രാജ്‌ഭവനുമുന്നിൽ അവസാന കണ്ണിയാകും. രാജ്‌ഭവനുമുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട്ട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതിയും ഉദ്‌ഘാടനം ചെയ്യും. അഖിലേന്ത്യ, സംസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് എല്ലായിടത്തും. മനുഷ്യചങ്ങലക്കായി മറ്റിടങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഭക്ഷണവും മറ്റുസൗകര്യങ്ങളും നാട്ടുകാർ ഒരുക്കി.
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. പത്തു ലക്ഷത്തിലധികം യുവജനങ്ങൾ അണിനിരക്കുന്ന ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തൊഴിലാളകളും തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ അണിനിരക്കും. സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം മനുഷ്യചങ്ങലക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
1987 ൽ ഡിവൈഎഫ്‌ഐ സൃഷ്ടിച്ച മനുഷ്യചങ്ങല ലോകചരിത്രത്തിൽ തന്നെ അത്‌ഭുതമായിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരത്ത് രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ശനിയാഴ്‌ച കേരളം കൈകോർത്ത് ചങ്ങല തീർക്കുമ്പോൾ മുഴങ്ങുക കേന്ദ്ര അവഗണനയ്‌ക്ക് എതിരായ കേരളത്തിന്റെ ഐക്യനാദമാണ്. .